UPDATES

“നവോത്ഥാന സമിതി സംവരണ മുന്നണിയായി”; 54 സംഘടനകള്‍ പുറത്തേക്ക്

സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ നിന്നാണ് ഹിന്ദുപാര്‍ലമെന്റിന് കീഴിലുള്ള 54 ഹൈന്ദവ സംഘടനകള്‍ പുറത്തുപോകുന്നത്

ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്നും 54 സംഘടനകള്‍ പുറത്തേക്ക്. സമിതി ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്റ് നേതാവുമായ സി പി സുഗതന്റെ നേതൃത്വത്തിലാണ് 54 സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്ന് സി പി സുഗതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവോത്ഥാന സമിതി സംവരണ മുന്നണിയായെന്നായിരുന്നു സുഗതന്റെ പ്രതികരണം.

പല ഘട്ടങ്ങളിലായി തലപൊക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ നവോത്ഥാന സമിതി പിളരുന്നത്. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ നിന്നാണ് ഹിന്ദുപാര്‍ലമെന്റിന് കീഴിലുള്ള 54 ഹൈന്ദവ സംഘടനകള്‍ പുറത്തുപോകുന്നത്. രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന് കാരണമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമൈന്നാണ് സൂചന.

ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സിപി സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റിലെ ആത്മീയ നേതാക്കളും വ്യക്തമാക്കി. ഇന്നുതന്നെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുളള വാര്‍ത്താസമ്മേളനമുണ്ടാകുമെന്നാണ് അറിയുന്നത്.

also read:സ്ത്രീ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടിയുണ്ടാകില്ലെന്ന് സുഭാഷ് ചന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍