UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ ജസ്‌നയെ കണ്ടവര്‍ ഒട്ടേറെ: കേരളത്തിലെത്തിയതായി സൂചന

അമ്പതിലേറെ ഫോണ്‍വിളികളാണ് പ്രതിഫലം പ്രഖ്യാപിച്ച് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഇന്നലെ എത്തിയത്

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് മേധാവി രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതോടെ ജസ്‌നയെ കണ്ടവര്‍ നിരവധി. അമ്പതിലേറെ ഫോണ്‍വിളികളാണ് പ്രതിഫലം പ്രഖ്യാപിച്ച് നല്‍കിയ ഫോണ്‍ നമ്പരിലേക്ക് ഇന്നലെ എത്തിയത്. തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പരിലേക്കായിരുന്നു വിളികളെത്തിയത്.

എന്നാല്‍ അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോളില്‍ മാത്രമാണ് പോലീസ് പ്രതീക്ഷ വയ്ക്കുന്നത്. ബംഗളൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ആണ് ഇത്തരമൊരു വിവരം പോലീസിന് കൈമാറിയിരിക്കുന്നത്. ബസ് പുറപ്പെടുന്നതിന് മുമ്പ് ഈ ബസ് കേരളത്തിലേക്കുള്ളതാണോയെന്ന് ജസ്‌നയെ പോലെ ഒരു പെണ്‍കുട്ടി തന്നോട് ചോദിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. ബസില്‍ കയറിയ പെണ്‍കുട്ടി സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.

ഡിജിപിയുടെ അറിയിപ്പ് ജസ്‌നയുടെ ഫോട്ടോ വച്ചിട്ടുള്ളതായതിനാല്‍ തനിക്ക് മുഖം ഓര്‍ക്കാനായെന്നും ഡ്രൈവര്‍ ഡിവൈഎസ്പിയോട് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ജസ്‌നയെ അന്വേഷിച്ച് ബംഗളൂരുവില്‍ പോയ പോലീസ് സംഘം ഇന്നലെ തിരിച്ചെത്തി.

ഹൈവേയില്‍ കണ്ടെന്നും ട്രെയിനില്‍ കണ്ടെന്നും തട്ടുകടയില്‍ കണ്ടെന്നുമെല്ലാമായിരുന്നു മറ്റുള്ള കോളുകള്‍. എല്ലാ കോളുകളില്‍ നിന്നുമുള്ള വിവരങ്ങളെക്കുറിച്ച് പോലീസ് പ്രാഥമികമായി അന്വേഷണം നടത്തും. ബംഗളൂരുവില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പ്രത്യേക പോലീസ് സംഘം വിശദമായി പരിശോധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍