UPDATES

വിദേശം

ഹോങ്കോങ്ങിന് സ്വാതന്ത്ര്യം വേണം: പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പ്

തോക്കുചൂണ്ടി നില്‍ക്കുന്ന പോലീസിനുമുന്നില്‍ മുട്ടുകുത്തി വെടിവയ്ക്കരുതെന്ന് യാചിക്കുന്ന വൃദ്ധന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഹോങ്കോങില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടപടി. പ്രതിഷേധത്തിനിടെ ആദ്യമായി പോലീസ് വെടിയുതിര്‍ത്തു. പത്ത് ദിവസത്തിന് ശേഷം ആദ്യമായി പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഒന്നുകില്‍ സ്വാതന്ത്ര്യം തരൂ അല്ലെങ്കില്‍ മരണം എന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

പ്രതിഷേധക്കാര്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് വെടിവയ്പ്പ് നടത്തിയതെന്നും ഏറ്റുമുട്ടലിന്റെ ഫലമായി നിരവധി പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ തോക്കുചൂണ്ടി നില്‍ക്കുന്ന പോലീസിനുമുന്നില്‍ മുട്ടുകുത്തി വെടിവയ്ക്കരുതെന്ന് യാചിക്കുന്ന വൃദ്ധന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

പ്രതിഷേധക്കാരില്‍ ചിലര്‍ എറിഞ്ഞ പെട്രോള്‍ ബോംബിനെ പ്രതിരോധിക്കാനാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ചിലര്‍ പൊലീസിന് നേരെ കട്ടകളും പ്രയോഗിച്ചു. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ ചൈന അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. കൗവ്ലൂണ്‍ ഉപദ്വീപിലെ ജനസാന്ദ്രതയേറിയ മേഖലയായ കൗണ്‍ടോങിലെ നാല് റയില്‍വേ സ്റ്റേഷനുകള്‍ പ്രതിഷേധം ശക്തമായതോടെ അടച്ചു. എന്നാല്‍ കടുത്ത വെയിലിനെ പ്രതിരോധിക്കാന്‍ കുടയും ചൂടി ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരില്‍ ചിലര്‍ മുളക്കഴകളുമായി റോഡുകള്‍ ഉപരോധിച്ചു. അതോടെ പോലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടെ കുറച്ച് പ്രതിഷേധക്കാര്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. പ്രധിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിച്ച പ്രക്ഷോഭത്തിന് ശേഷം ഹോങ്കോങിലെ സ്ഥിതി അല്‍പ്പം ശാന്തമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വീണ്ടും പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.

വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.

also read:ഒരു വര്‍ഷത്തെ രഹസ്യ ദാമ്പത്യജീവിതം; തുറന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാരുടെ കഥ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍