UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ ഒഴിവാക്കി: സി ദിവാകരന്‍

സുധാകര്‍ റെഡ്ഡിയുടെയോ മറ്റോ സഹായത്താല്‍ ദേശീയ കൗണ്‍സിലില്‍ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന്‍

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും തന്നെ ഒഴിവാക്കിയത് തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണെന്ന് മുന്‍മന്ത്രി സി ദിവാകരന്‍. പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചാണ് ദിവാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആരുടെയും സഹായത്തോടെ കൗണ്‍സിലില്‍ തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെയോ മറ്റോ സഹായത്താല്‍ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ഗോഡ്ഫാദര്‍മാരില്ല, പാര്‍ട്ടിക്കാരനാണ്, ചിലപ്പോള്‍ കമ്മിറ്റിയില്‍ വരും ചിലപ്പോള്‍ പുറത്തുവരും. ഒരു ഗോഡ്ഫാദറിനെയും ഞാന്‍ അംഗീകരിക്കില്ല. ഒഴിവാക്കിയാലും നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നല്ലല്ലോ ഒഴിവാക്കിയത്’. ദിവാകരന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സമ്മേളനത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ദിവാകരകരനെ കൂടാതെ സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍, സിഎന്‍ ജയദേവന്‍ എന്നിവരെയും ഒഴിവാക്കി. വലിയ നേതാവ് ഒന്നുമല്ലെങ്കിലും കൗണ്‍സിലില്‍ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി സിഎന്‍ ചന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ആറ് പുതുമുഖങ്ങളെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, മഹേഷ് കക്കത്ത്(കാന്‍ഡിഡേറ്റ് അംഗം) എന്നിവരാണ് കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ പുതിയതായി ഇടം നേടിയത്. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ് നിലവില്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍