UPDATES

ട്രെന്‍ഡിങ്ങ്

ജോലിക്ക് പ്രവേശിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കണ്ണന്‍ ഗോപിനാഥന്‍ തള്ളി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്‍കേന്ദ്രമന്ത്രി കൂടിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലുമായുള്ള കണ്ണന്‍ ഗോപിനാഥിന്റെ ബന്ധം വഷളാകുകയായിരുന്നു

കാശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വിസമ്മതം അറിയിച്ചു. ദാമന്‍ ആന്‍ഡ് ദിയു പേഴ്‌സണല്‍ മന്ത്രാലയം കണ്ണനോട് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കണ്ണന്റെ രാജിക്കത്ത് ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നുമായിരുന്നു നോട്ടീസ്.

കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന്റെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് നോട്ടീസില്‍ ഒപ്പുവച്ചത്. കണ്ണന്‍ ഗോപിനാഥ് താമസിച്ചിരുന്ന സില്‍വാസയിലെ സര്‍ക്യൂട്ട് ഹൗസിന്റെ വാതിലിലാണ് നോട്ടീസ് പതിച്ചത്. ബുധാനാഴ്ച രാത്രി ഏറെ വൈകി താന്‍ വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് കണ്ടതെന്നും അതൊരു പ്രക്രിയയുടെ ഭാഗമായുള്ള നോട്ടീസാണെന്നും കണ്ണന്‍ പറയുന്നു. താന്‍ തന്റെ അഭിപ്രായങ്ങള്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കുമെന്നും തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നുമാണ് കണ്ണന്‍ ഗോപിനാഥ് പറഞ്ഞത്. രാജിക്കത്ത് സ്വീകരിക്കുന്നത് വരെ അതേസ്ഥലത്ത് തന്നെ ജോലിയില്‍ തുടരുന്നത് തനിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഭാവിപരിപാടികള്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും സ്വകാര്യമേഖലകളില്‍ പൊതുസേവനവുമായി ബന്ധപ്പെട്ട ജോലികള്‍ അന്വേഷിക്കുകയാണെന്നും കണ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നല്ല തിരക്കായിരുന്നതിനാല്‍ തൊഴിലന്വേഷണം നടന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബുധനാഴ്ചയാണ് ദാമന്‍ ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഉപദേഷ്ടാവ് എ കെ സിംഗ് കണ്ണന്റെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചത്.

ദാമന്‍ ദിയു, നാഗര്‍ ഹവേലി ഊര്‍ജ്ജ സെക്രട്ടറിയായിരുന്നു കണ്ണന്‍. ഓഗസ്റ്റ് 21നാണ് കണ്ണന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ രാജിക്കത്ത് സ്വീകരിക്കുമ്പോള്‍ മാത്രമാണ് അത് പ്രാബല്യത്തില്‍ വരുന്നതും അദ്ദേഹത്തിന് ചുമതലകള്‍ ഒഴിയാന്‍ കഴിയുന്നതും. കേന്ദ്രഭരണ പ്രദേശത്തിന്റെ കളക്ടറായിരുന്ന കാലത്ത് കണ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്‍കേന്ദ്രമന്ത്രി കൂടിയായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വഷളാകുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണനെ കളക്ടര്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും ഊര്‍ജ്ജ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് അതിന്റെ ചുമതലയുണ്ടായിരുന്ന കണ്ണന് അഡ്മിനിസ്‌ട്രേറ്റര്‍ ഒരു നോട്ടീസ് അയച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുമ്പോള്‍ ഇതൊരു ശരിയായ രീതിയായി തനിക്ക് തോന്നിയില്ലെന്ന് കണ്ണന്‍ പറയുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അഡ്മിനിസ്ട്രറ്റര്‍ക്കല്ല, തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നതാണ് അതിന് കാരണം. അതിനാല്‍ തന്നെ കണ്ണന്‍ ഈ നോട്ടീസ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറി. ഇത് കണക്കിലെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഇടപെടരുതെന്ന് അഡ്മിനിസ്‌ട്രേറ്റരോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം താന്‍ ഭരണകൂടത്തില്‍ നിന്നാണ് ഈ നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും അവര്‍ ചട്ടപ്രകാരമുള്ള നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. തനിക്ക് കണ്ണന്‍ ഗോപിനാഥിനോട് വ്യക്തിവൈരാഗ്യമോ ശത്രുതയോ ഇല്ലെന്നും പട്ടേല്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍