UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് തിന്നണമെന്ന് തോന്നിയാല്‍ ഞാന്‍ കഴിച്ചിരിക്കും: ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ

ഉപദേശിക്കാന്‍ വരുന്നതിന് മുമ്പ് ആദിത്യനാഥ് സ്വാമി വിവേകാനന്ദന്‍ ഗോവധത്തെക്കുറിച്ച് പറഞ്ഞതെന്താണെന്ന് വായിച്ചാല്‍ നന്നായിരിക്കും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. സിദ്ധരാമയ്ക്ക് ഹിന്ദുവായിരിക്കാന്‍ എന്തു യോഗ്യതയാണുള്ളതെന്ന് തെളിയിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതോടെയാണ് വാക്‌പോരിന് തുടക്കമായത്. ബംഗളൂരുവില്‍ നടക്കുന്ന ബിജെപി രാഷ്ട്രീയ റാലിയ്ക്കായി എത്തിയപ്പോഴാണ് ആദിത്യനാഥ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഇതിന് മറുപടിയുമായി ഇപ്പോള്‍ സിദ്ധരാമയ്യരും രംഗത്തെത്തിയിരിക്കുകയാണ്.

‘ധാരാളം ഹിന്ദുക്കള്‍ ബീഫ് തിന്നുന്നുണ്ട്. എനിക്ക് കഴിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ കഴിക്കും. ഞാന്‍ ബീഫ് കഴിക്കരുതെന്ന് പറയാന്‍ അവര്‍ ആരാണ്. എനിക്ക് ബീഫിന്റെ രുചി ഇഷ്ടമില്ലാത്തതിനാലാണ് ഞാന്‍ അത് കഴിക്കാത്തത്. നമ്മളെ ഉപദേശിക്കാന്‍ വരുന്നതിന് മുമ്പ് ആദിത്യനാഥ് സ്വാമി വിവേകാനന്ദന്‍ ഗോവധത്തെക്കുറിച്ച് പറഞ്ഞതെന്താണെന്ന് വായിച്ചാല്‍ നന്നായിരിക്കും’ സിദ്ധരാമയ്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആദിത്യനാഥിനെ കടന്നാക്രമിക്കുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണെന്നും സിദ്ധരാമയ്യര്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. ‘പശുക്കളെ പരിപാലിക്കുന്നതിനെക്കുറിച്ച് യോഗി നമ്മെയെല്ലാം ഉപദേശിക്കുന്നു. എന്നാല്‍ അദ്ദേഹം എന്നെങ്കിലും ഒരു പശുവിന് പുല്ല് കൊടുത്തിട്ടുണ്ടോ? ഞാന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് പുല്ലിട്ട് കൊടുക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുമുണ്ട്. അദ്ദേഹത്തിന് ഈ വിഷയത്തില്‍ സംസാരിക്കാന്‍ ധാര്‍മ്മികമായ യാതൊരു ഉത്തരവാദിത്വമില്ല’.

‘ഞങ്ങള്‍ കര്‍ണാടകയില്‍ അധികാരത്തിലിരുന്നപ്പോള്‍ ഗോവധം നിരോധിക്കാന്‍ നിയമം കൊണ്ടുവന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ആ നിയമം പിന്‍വലിക്കുകയാണ് ചെയ്തത്. ഹിന്ദുക്കളുടെ വിശുദ്ധ മൃഗമാണ് പശു. സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ ഹിന്ദുത്വം സംസാരിക്കുകയും ഗോവധം അനുവദിക്കാതിരിക്കുകയും ചെയ്യണം’ എന്നായിരുന്നു യോഗി ആദിത്യനാഥ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ഈ വിഷയത്തില്‍ മൃദു സമീപനമാണ് സ്വീകരിച്ചത്. ‘സിദ്ധരാമയ്യയോ കോണ്‍ഗ്രസോ ഒരിക്കലും ബീഫ് തിന്നുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഭക്ഷണം കഴിക്കാന്‍ നമ്മുടെ ഭരണഘടനയും നിയമവും ജനങ്ങളെ അനുവദിക്കുന്നുണ്ട്. ഭക്ഷണത്തിന്റെയും സംസ്‌കാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പ്രവര്‍ത്തികളുടെയുമെല്ലാം പേരില്‍ ഇന്ത്യയെ വിഭജിക്കുന്നത് അവസാനിപ്പിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ രണ്ടിന് ആരംഭിച്ച ബിജെപിയുടെ പരിവര്‍ത്തന യാത്രയില്‍ പങ്കെടുക്കുമ്പോഴാണ് ആദിത്യനാഥ് സിദ്ധരാമയ്യയെ വിമര്‍ശിച്ചത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് കര്‍ണാടകയുടെ വളര്‍ച്ച പിന്നിലേക്കാണ് കൊണ്ടുപോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികളുടെ നേട്ടങ്ങള്‍ കര്‍ണാകയ്ക്കും ലഭിക്കേണ്ടതുണ്ട്. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ബംഗളൂരു പോലുള്ള നഗരങ്ങള്‍ക്കും ഈ പദ്ധതികളുടെ നേട്ടം ആവശ്യമാണ്. അതിനായി കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം’ എന്നാണ് യോഗി ഇവിടെ പ്രസംഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍