UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഐടി മദ്രാസില്‍ ശാസ്ത്രത്തിനും വേദത്തിനുമായി സംസ്‌കൃത ചെയര്‍

ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യവും വേദത്തിലെ സാങ്കേതിക വിദ്യയും സംസ്‌കൃത ഭാഷയില്‍ പഠിപ്പിക്കുകയാണ് ഈ ചെയര്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മദ്രാസ് ക്യാമ്പസില്‍ സംസ്‌കൃത ചെയര്‍ സ്ഥാപിക്കുന്നു. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നാണ് പുതിയ ചെയര്‍ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യവും വേദത്തിലെ സാങ്കേതിക വിദ്യയും സംസ്‌കൃത ഭാഷയില്‍ പഠിപ്പിക്കുകയാണ് ഈ ചെയര്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ആത്മീയ ശാസ്ത്രത്തിന്റെ തലവന്‍ സന്ത് രജിന്തര്‍ സിംഗ് ജി മഹാരാജും സാവന്‍ കിര്‍പാലും ചേര്‍ന്നാണ് ഈ ചെയര്‍ സ്ഥാപിക്കുന്നത്. ഇരുവരും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയാണ്. എന്‍ഡോവ്‌മെന്റിനും സ്‌കോളര്‍ഷിപ്പിനുമായി മഹാരാജ് 90 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് വേദത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും വിശദമാക്കാന്‍ തങ്ങള്‍ ഒരു ചെയര്‍ സ്ഥാപിക്കുമെന്ന് ഒരു ഐഐടി മദ്രാസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇതില്‍ 75 ലക്ഷം കുട്ടികളുടെ എന്‍ഡോവ്‌മെന്റിനും സ്‌കോളര്‍ഷിപ്പിനുമായി ആദ്യമേ നല്‍കും. 15 ലക്ഷം രൂപ നാല് തവണയായും വിതരണം ചെയ്യും. സമ്പാദനന്ദ മിശ്രയാണ് ചെയറിന്റെ മേധാവി. ശ്രീ അരോബിന്ദോ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചറിന്റെ ഡയറക്ടറും സംസ്‌കൃത പണ്ഡിതനുമാണ് അദ്ദേഹം. ഇന്ത്യയുടെ ആത്മാവ് വെളിപ്പെടുത്തുന്ന ശാസ്ത്രീയ ഭാഷയാണ് സംസ്‌കൃതമെന്നും താന്‍ ഒരു യോഗ സമീപനമാണ് ഈ ചെയറില്‍ സ്വീകരിക്കുകയെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഒരു മാസത്തിനകം താന്‍ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. റിഷിമാരും സന്യാസികളും പുരാതന ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മിശ്ര വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍