UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തി: അശ്വതി ജ്വാലയ്‌ക്കെതിരെ പരാതി

ലിഗയുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് 3.8 ലക്ഷം രൂപ പിരിച്ചുവെന്നും ആ തുക ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു

കോവളത്തിന് സമീപം ചെന്തിലാക്കരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റെ മരണത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പരാതി. 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

കോവളം പനങ്ങോട് സ്വദേശി അനില്‍ കുമാര്‍ ആണ് അശ്വതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ 3.8 ലക്ഷം രൂപ പിരിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുക ലിഗയുടെ സഹോദരി ഇലീസിനോ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനോ നല്‍കാതെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വാട്‌സ്ആപ്പില്‍ ലിഗയുടെ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചായിരുന്നു പണപ്പിരിവ്. മാധ്യമ ശ്രദ്ധ നേടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പണപ്പിരിവ് നടത്തുകയാണ് അശ്വതിയുടെ പതിവെന്നും ഇതോടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എല്ലാ എംഎല്‍എമാരില്‍ നിന്നും അയ്യായിരം രൂപ വീതം പിരിച്ചിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം. സാമൂഹിക സേവനത്തിന്റെ പേരിലാണ് എംഎല്‍എമാരില്‍ നിന്നും പിരിച്ചതെന്നും അനധികൃത പിരിവ് രൂക്ഷമായതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. അതേസമയം ലിഗയുടെ മരണത്തിന്റെ പേരില്‍ പിരിവെടുത്തെന്ന അശ്വതിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ലിഗയുടെ മരണത്തിന്റെ അന്വേഷണ ചുമതലയുള്ള ഐജി മനോജ് എ്ബ്രഹാമിനെ തന്നെയാണ് ഈ പരാതി അന്വേഷിക്കാനും ഡിജിപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലിഗ മരണത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയ അശ്വതി സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍