UPDATES

ഇന്ത്യയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ചാരസംഘടന

മോദിയുടെ കാലത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സഹായകമായി

ബിജെപി ഹിന്ദു ദേശീയത മേയ് മാസത്തില്‍നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ചാരസംഘടന. നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് സെനറ്റ് സെലക്ട് കമ്മിറ്റിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വര്‍ഗ്ഗീയകലാപം ആഗോള ഭീഷണിയായിരിക്കുമെന്നും ഈ കത്തില്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരെല്ലാവരും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സിഐഎ ഡയറക്ടര്‍ ജിന ഹാസ്‌പെല്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ്, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മേധാവി റോബര്‍ട്ട് ആഷ്‌ലി എന്നിവരും കോട്ട്‌സിനൊപ്പമുണ്ടായിരുന്നു. മോദിയുടെ ഭരണകാലത്ത് ബിജെപിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സഹായകമായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കുറഞ്ഞത് മെയ് വരെയെങ്കിലും മോശമായിരിക്കുമെന്നും കോട്ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയിലാണ് മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യയും പാകിസ്ഥാനും 2018ല്‍ ലംഘിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുമുണ്ടായി.

പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ നടത്തുമെന്നും കോട്ട്‌സ് പറയുന്നു. പാകിസ്ഥാനെ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ മണ്ണായാണ് കരുതുന്നതെന്നും അത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ഹിന്ദു ദേശീയവികാരങ്ങള്‍ കത്തിക്കാൻ മോദി ശ്രമിക്കുകയാണെങ്കിൽ വർഗീയകലാപം നടക്കുമെന്ന് സെനറ്റിനു മുമ്പാകെ വെച്ച റിപ്പോർട്ടിൽ കോട്ട്സ് പറഞ്ഞു. ആഗോളഭീഷണികൾ സംബന്ധിച്ചുള്ള വിവരണങ്ങളാണ് യുഎസ് ഇന്റലിജൻസ് മേധാവി ഈ റിപ്പോർട്ടിൽ നടത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ ആണവ നിരായുധീകരണം, സിറിയയിലെ ഐസിസ് പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്ന കൂട്ടത്തിലാണ് കോട്ട്സ് ഇക്കാര്യവും പറഞ്ഞിരിക്കുന്നത്.

വർഗീയകലാപങ്ങളും സംഘർഷങ്ങളും വർധിക്കുന്നത് ഇന്ത്യൻ മുസ്ലിങ്ങളെ പൊതുധാരയിൽ നിന്നും അകറ്റുമെന്നും ഇത് പ്രശ്നം രൂക്ഷമാകുന്നതിന് കാരണമാകുമെന്നും കോട്ട്സിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് മാസം വരെയെങ്കിലും പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിത്തന്നെ തുടരുമെന്നും കോട്ട്സ് പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍