UPDATES

സിനിമാ വാര്‍ത്തകള്‍

ചലച്ചിത്ര സംവിധായിക ഇന്ദിര പരിയാപുരം അന്തരിച്ചു

വിടവാങ്ങിയത് സിനിമയെ മാത്രം സ്വപ്‌നം കണ്ട് ജീവിച്ച അതുല്യപ്രതിഭ

ചലച്ചിത്ര സംവിധായിക ഇന്ദിര പരിയാപുരം അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. കഥാര്‍സിസ് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ഇന്ദിര.

മലപ്പുറം തിരൂര്‍ സ്വദേശിയായ ഇന്ദിര സിനിമയ്ക്കായാണ് ജീവിതം ഉഴിഞ്ഞുവച്ചത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇന്ദിര സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു സിനിമ. തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സിനിമ പഠനം നടത്തിയത്.

സമാന്തര സിനിമയുടെ സജീവ സാന്നിധ്യമായിരുന്ന പി എ ബക്കര്‍, സുരാസു എന്നിവരുമായി അടുത്ത സൗഹൃദമാണുണ്ടായിരുന്ന ഇവര്‍ ബക്കറിന്റെ പ്രിയപ്പെട്ട ശിഷ്യയുമായിരുന്നു. എ എ അസീസിന്റെ ‘അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍’, എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറും ലെനിന്‍ രാജേന്ദ്രന്റെ ‘കുലം’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. പിന്നീട് ദീര്‍ഘകാലം സിനിമാ മേഖലയില്‍ നിന്നും വിട്ടുനിന്ന ഇന്ദിര നിരവധി ഡോക്യുമെന്ററികളുടെ ഭാഗമായി. ബീന പോള്‍ ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ക്ക് അസോസിയേറ്റായി. സിഡിറ്റ് ചെയ്ത നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് പിന്നില്‍ ഇന്ദിരയാണ്. മികച്ച സമകാലിക ടെലിവിഷന്‍ പരിപാടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘വഹാ ഇന്‍സാന്‍ കോ മാരാ’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഈ പ്രോഗ്രാം വി എം ദീപയാണ് സംവിധാനം ചെയ്തത്. നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചു.

കഥാര്‍സിസിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. ഇന്ദിര തന്നെ തിരക്കഥയും നിര്‍വഹിച്ച ഈ ചിത്രം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുടുംബങ്ങളിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതമാണ് തുറന്നുകാട്ടുന്നത്. സ്വന്തം സിനിമ എന്ന സ്വപ്‌നത്തിനായി ഇന്ദിരയ്ക്ക് രണ്ട് പതിറ്റാണ്ടുകാലം കാത്തിരിക്കേണ്ടി വന്നു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പങ്കെടുത്ത ആറ് ചലച്ചിത്ര മേളകളിലും അംഗീകാരം നേടി.

ഇന്ദിര തയ്യാറാക്കി വച്ചിരിക്കുന്ന നിരവധി തിരക്കഥകള്‍ ഇനിയും വെളിച്ചം കാണാനുണ്ട്. സ്വന്തം കുട്ടിക്കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്കായി ഒരു സിനിമയെന്നത് ഇന്ദിരയുടെ സ്വപ്‌നമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇതിനുള്ള തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കാനെങ്കിലും ഇന്ദിര തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സുഹൃത്തുക്കള്‍. മൃത്ദേഹം തിരുവല്ലത്ത് വീട്ടിൽ (വില്ലേജ് ഓഫീസിനു സമീപം).
അന്ത്യകർമ്മങ്ങൾ നാളെ 11.06.2018 രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍