UPDATES

ട്രെന്‍ഡിങ്ങ്

മെയ് ഒന്ന്: ഈ ലോകത്തെ ചലിപ്പിക്കുന്നവരുടെ ദിനം (വീഡിയോ)

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

‘സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍.. സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍..’ എന്ന വയലാറിന്റെ ഗാനം കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. അതേ മറ്റൊരു അന്തര്‍ദേശീയ തൊഴിലാളി ദിനം കൂടി നാം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം കൊണ്ടാടുന്നത്. എങ്ങനെ ആണ് മെയ് ഒന്നാം തീയതി ലോക തൊഴിലാളി ദിനമായി മാറിയത്. അതിനു ഒരു ചരിത്രമുണ്ട്. തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രം.

മെയ്ദിനത്തിന്റെ ആരംഭത്തെക്കുറിച്ച് വിവിധ കഥകളാണ് നിലനില്‍ക്കുന്നത്. തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി 1856ല്‍ ഓസ്‌ട്രേലിയയിലാണ് മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ഇതില്‍ ഒരുവാദം. അമേരിക്കയില്‍ നിന്നാണ് തൊഴിലാളി ദിനത്തിന്റെ പ്രചോദനമുണ്ടായതെന്ന മറ്റൊരു വാദം കൂടി നിലനില്‍ക്കുന്നുണ്ട്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികളുടെ സമാധാനപരമായ യോഗത്തിലേക്ക് പോലീസ് നടത്തിയ വെടിവയ്പ്പായിരുന്നു ഹേ കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരു അജ്ഞാതന്‍ ബോംബ് എറിയുകയും ഇതിന് ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നു.

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തിന്റെ നിര്‍മ്മിതിയ്ക്ക് നേതൃത്വം നല്‍കുന്ന തൊഴിലാളികളോടുള്ള ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങളില്‍ ഇന്ന് മെയ് ഒന്ന് പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് ദിനാചരണത്തില്‍ നിന്നും ഇന്ത്യയും ഒരിക്കലും മാറിനിന്നിട്ടില്ല. സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ത്രിപുര ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെയ്ദിനത്തിന് പൊതു അവധിയാണ്.

പകലന്തിയോളം വെയിലും മഴയും മഞ്ഞുമേറ്റ് ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേര്‍പ്പെട്ടിരിക്കുന്നവരാണ് ഇവര്‍. ഇവരെ ആദരിക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്. കാരണം ഇവര്‍ ലോകത്തെ ചലിപ്പിക്കുന്നവരാണ്. ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അഴിമുഖത്തിന്റെ തൊഴിലാളി ദിനാശംസകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍