UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ചര്‍ച്ചയ്‌ക്കെതിരെ വീണ്ടും അധികൃതര്‍

സര്‍വകലാശാലയ്ക്ക് പുറത്തു നിന്നും പ്രാസംഗികരെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍

ജാമ്യ മില്യ സര്‍വകലാശാലയില്‍ തങ്ങള്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിക്ക് അധികൃതര്‍ ഒരിക്കല്‍ കൂടി അനുമതി നിഷേധിച്ചതായി വിദ്യാര്‍ത്ഥികള്‍. സര്‍വകലാശാലകളിലെ ജനാധിപത്യ ഇടങ്ങള്‍ കുറയുന്നതിനെക്കുറിച്ചുള്ള പരിപാടിക്കാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.

ആദ്യം പരിപാടിക്ക് അനുമതി കൊടുത്ത സര്‍വകലാശാല അധികൃതര്‍ പരിപാടി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് സര്‍വകലാശാലയ്ക്ക് പുറത്തു നിന്നും പ്രാസംഗികരെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം വ്യാഴാഴ്ച തന്നെ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ജാമ്യയിലെ പ്രാസംഗികരെ മാത്രമാണ് പങ്കെടുപ്പിച്ചത്. ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാതിരിക്കാന്‍ സര്‍വകലാശാല കാരണങ്ങളൊന്നും പറയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അറിയാവുന്നതും അവര്‍ പിന്തുടരേണ്ടതുമായ പ്രൊട്ടോകോള്‍ ഉണ്ടെന്നാണ് സര്‍വകലാശാല പറയുന്നത്. ‘വകുപ്പ് മേധാവികളെയോ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഓഫീസ് ഡീനിനെയോ ആണ് അവര്‍ കാണേണ്ടത്. ഇത്തരം കാര്യങ്ങള്‍ ജാമ്യ കാര്‍ക്കശ്യം പുലര്‍ത്തുന്നുണ്ട്’- സര്‍വകലാശാല പിആര്‍ഒ സൈമ സെയ്ദ് അറിയിച്ചു.

സെപ്തംബര്‍ 12ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രോക്ടര്‍ക്ക് കത്ത് സമര്‍പ്പിച്ചിരുന്നു. സെന്‍ട്രല്‍ ക്യാന്റീനില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കാനുള്ള അനുമതി തേടിക്കൊണ്ടുള്ള കത്തായിരുന്നു ഇത്. ഇതില്‍ പ്രാസംഗികരുടെ ലിസ്റ്റും ഉള്‍പ്പെടുത്തിയിരുന്നു. കത്ത് സ്വീകരിക്കപ്പെടുകയും വ്യാഴാഴ്ച പരിപാടി നടത്താന്‍ അനുവദിക്കുകയും ചെയ്തു. ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാസംഗികരെ ഉള്‍പ്പെടുത്തിയ ലിസ്റ്റ് ആണ് തങ്ങള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചീഫ് പ്രോക്ടര്‍ ഹരൂണ്‍ സജ്ജാദ് ആണ് അനുമതി നല്‍കിയത്. രജിസ്ട്രാര്‍ എപിഐ സിദ്ദിഖി, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. നവേദ് ഇഖ്ബാല്‍ എന്നിവര്‍ ഇത് സ്ഥിരീകരിച്ചു. അതേസമയം വ്യാഴാഴ്ച പ്രോക്ടര്‍, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍, സുരക്ഷ ഉപദേഷ്ടാവ് എന്നിവര്‍ സര്‍വകലാശാലയ്ക്ക് പുറത്തുള്ള പ്രാസംഗികരെ അനുവദിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍