UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌ന കയറിയ ബസിനെ അടുത്ത ബന്ധു പിന്തുടര്‍ന്നതെന്തിന്? അന്വേഷണം മുണ്ടക്കയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും

ജസ്‌നയുടെ പിതാവിന് പങ്കാളിത്തമുള്ള സ്ഥാപനം കരാര്‍ ഏറ്റെടുത്ത് മുണ്ടക്കയത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് പരിശോധന നടത്തുക

മൂന്ന് മാസം മുമ്പ് റാന്നിയില്‍ നിന്നും കാണാതായ ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം മുണ്ടക്കയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും. ജസ്‌നയുടെ പിതാവിന് പങ്കാളിത്തമുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നതെങ്കിലും വേണ്ടി വന്നാല്‍ കുഴിച്ച് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മുണ്ടക്കയം ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിയ്ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കുന്നതിന്റെ കരാര്‍ ജസ്‌നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇവിടെയാണ് പരിശോധന നടത്തുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഇതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പും പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടിലും പോലീസ് നേരത്തെ പരിശോധന നടത്തി.

അടുത്ത ബന്ധുക്കള്‍ക്ക് ജസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയമാണ് വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഉന്നയിക്കുന്നത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച് ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് ഡിജിപി ഭാരവാഹികള്‍ക്ക് സൂചന നല്‍കിയിരിക്കുന്നതെന്ന് അറിയുന്നു.

ജസ്‌നയുടെ അടുത്ത ബന്ധുക്കള്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. കാണാതായ ദിവസം മുക്കൂട്ടുതറയില്‍ നിന്നും ജസ്‌ന കയറിയ ബസിന് പിന്നാലെ അടുത്ത ബന്ധു കാറില്‍ സഞ്ചരിച്ചിരുന്നു. ജസ്‌നയുടെ മറ്റൊരു ബന്ധുവാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. എന്നാല്‍ ഇതില്‍ തുടരന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ മറ്റൊരു പരാതി.

അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം ലഭിച്ചെന്നും എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണം മുന്നോട്ട് പോകുകയെന്നും പത്തനംതിട്ട എസ് പി ടി നാരായണന്‍ ഇന്നലെ അറിയിച്ചിരുന്നു. ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രവും കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലുള്ള അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബംഗളൂരു, പൂനെ, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയ പോലീസ് മുണ്ടക്കയം, എരുമേലി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍