UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌നയെ കാണാതായിട്ട് നൂറു ദിനം: കാടും കടലും അരിച്ചു പെറുക്കി ഇപ്പോഴും പോലീസ്

ജസ്‌നയുടെ ആണ്‍സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചുറ്റിപ്പറ്റിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജസ്‌ന ജെയിംസിനെ കാണാതായിട്ട് ഇന്ന് നൂറു ദിവസം. ജസ്‌നയെ തേടി ഗോവയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ജസ്‌നയ്‌ക്കെന്തു സംഭവിച്ചുവെന്ന് കേരള സമൂഹവും കുടുംബാംഗങ്ങളും ചോദിക്കുമ്പോള്‍ പോലീസ് കാട്ടിലും കടലിലും തപ്പിയിട്ട് കാര്യമില്ലെന്നാണ് ഹൈക്കോടതി തന്നെ പറയുന്നത്.

മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. മുക്കൂട്ടുതറയില്‍ നിന്നും ബസില്‍ കയറിയ ഈ പെണ്‍കുട്ടിയെ പിന്നീടാരും കണ്ടിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസ് കണ്ട് പലയിടങ്ങളിലും ജസ്‌നയെ കണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ അതൊന്നും ജസ്‌നയല്ലെന്ന് മാത്രമാണ് പോലീസിന് കണ്ടെത്താന്‍ സാധിച്ചത്. അതേസമയം ജസ്‌നയുടെ ആണ്‍സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചുറ്റിപ്പറ്റിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ പലവട്ടം ചോദ്യം ചെയ്തിട്ടും യാതൊരു വിവരവും ലഭിച്ചില്ല. സംശയങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിന്നാലെ പായുകയാണ് പോലീസ്.

ഇതിനിടെ മുണ്ടക്കയത്ത് ജെസ്‌നയുടെ പിതാവ് ജെയിംസിന് പങ്കാളിത്തമുള്ള സ്ഥാപനം കരാര്‍ ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സംശയം തോന്നിയ ഒരു മുറിയിലെ തറ തുരന്നാണ് പരിശോധന നടത്തിയത്. ഏറെ നാളായി നിര്‍മ്മാണം നിലച്ചിരിക്കുന്ന ഇവിടെ ഈ മുറിയില്‍ മാത്രം പുല്ല് വളരാതിരുന്നതാണ് പോലീസിന് സംശയം ജനിപ്പിച്ചത്. ജെസ്‌നയുടെ മുക്കൂട്ടുതറയിലെ വീട്ടിലും വേണ്ടിവന്നാല്‍ സമാനമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും പിന്നീട് അതൊന്നുമുണ്ടായില്ല. ജെസ്‌നയെ കാണാതായതിന് ഒരാഴ്ചയ്ക്ക് ശേഷം ഈ വീട് പൊളിച്ചു പണിതതാണ് സംശയത്തിന് കാരണം. ജെസ്‌നയുടെ രണ്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതിലൊരാള്‍ ഒരും എംഎല്‍എയുടെ ബന്ധുവാണെന്നും എംഎല്‍എയുടെ സ്വാധീനം മൂലമാണ് ഈ സുഹൃത്തിനെ പോലീസ് കാര്യമായി ചോദ്യം ചെയ്യാത്തതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ജെസ്‌നയുടെ വീടിന് അടുത്തു തന്നെയുള്ള ഈ സുഹൃത്തിനെ ഒരുവര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ തവണ ഫോണില്‍ വിളിച്ചതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഉദാസീനത കേസിനെ ബാധിച്ചെന്നാണ് ആരോപണം. തെളിവുകള്‍ നശിച്ചത് ജസ്‌നയെ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമായിരിക്കുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആവശ്യം.

ജസ്‌ന കയറിയ ബസിനെ അടുത്ത ബന്ധു പിന്തുടര്‍ന്നതെന്തിന്? അന്വേഷണം മുണ്ടക്കയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍