UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ തനിക്കെതിരെയുള്ള വധഭീഷണിയെന്ന് ജിഗ്നേഷ് മേവാനി

ഏറ്റുമുട്ടലില്‍ തന്നെ കൊല്ലണമെന്ന ആഹ്വാനത്തിനെതിരെ ഡിജിപിയ്ക്കും ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്നും മേവാനി

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയ്‌ക്കെതിരെ വധ ഭീഷണി ഉയര്‍ത്തുന്ന വീഡിയോ വൈറലായി. എഡിആര്‍ പോലീസ് ആന്‍ഡ് മീഡിയ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മേവാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന വിധത്തിലുള്ള വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്.

രണ്ട് വീഡിയോകള്‍ ആണ് ഗ്രൂപ്പില്‍ വന്നത്. ഇതില്‍ ആദ്യത്തേതില്‍ ഒരുകൂട്ടം പോലീസുകാര്‍ രാഷ്ട്രീയക്കാരനെ പോലെ വേഷം ധരിച്ച ഒരാളെ മര്‍ദ്ദിക്കുന്ന രംഗമാണ് ഉള്ളത്. രണ്ടാമത്തേതില്‍ ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി പറയുന്നതും. ‘പോലീസിന്റെ അച്ഛനാകാന്‍ ശ്രമിക്കുന്നവരോടും പോലീസിനെ ഗോലി എന്ന് വിളിക്കുന്നവരോടും പോലീസുകാരുടെ വീഡിയോ എടുക്കുന്നവരോടും പോലീസ് ഇങ്ങനെയായിരിക്കും’ എന്ന സന്ദേശത്തോടെ അഹമ്മദാബാദിലെ ഒരു ഡിവൈഎസ്പിയാണ് ഈ വീഡിയോകള്‍ വാട്‌സ്ആപ്പില്‍ അയച്ചത്.

ഈ സന്ദേശത്തിന് അഹമ്മദാബാദ് എസ്പി ഒരു ലൈക്ക് ചിഹ്നവും മറുപടിയായി നല്‍കി. അതേസമയം താന്‍ മറ്റൊരു ഗ്രൂപ്പില്‍ വന്ന സന്ദേശം ഈ ഗ്രൂപ്പിലേക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും സന്ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അഹമ്മദാബാദ് ഡിവൈഎസ്പി(റൂറല്‍) ആര്‍ ബി ദേവ്ധ വ്യക്തമാക്കി. വ്യക്തിപരമായോ ആരെയും ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല ആ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ‘ഞാന്‍ എങ്ങനെയാണ് കൊല്ലപ്പെടേണ്ടതെന്ന് രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ചര്‍ച്ച നടത്തിയിരിക്കുന്നു. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുണ്ടോ?’ എന്ന് മേവാനി ഇതേക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത് വളരെ ഗൗരവകരമായ കാര്യമാണെന്ന് മേവാനി ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ ടെലഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് താന്‍ എങ്ങനെ കൊല്ലപ്പെടുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടലില്‍ തന്നെ കൊല്ലണമെന്ന ആഹ്വാനത്തിനെതിരെ ഡിജിപിയ്ക്കും ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18നാണ് ഈ വീഡിയോ വൈറലായത്. അഹമ്മദാബാദ് ബന്ദിന്റെ പേരില്‍ അതിന് തൊട്ടുമുമ്പ് മേവാനി അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഭാനു വങ്കര്‍ എന്ന ദലിത് ആക്ടിവിസ്റ്റിന്റെ മരണത്തില്‍ പ്രതിഷേധിച്ചായിരുന്നു ബന്ദ്. ബന്ദിനിടയില്‍ മേവാനി ‘ഇത് നിങ്ങളുടെ അച്ഛന്റെ സ്ഥലമാണോ?’ എന്ന് ചോദിക്കുന്നതിന്റെയും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഗോലി എന്ന് വിളിക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു.

ജിഗ്നേഷ് മേവാനി അറസ്റ്റില്‍: കാറില്‍ നിന്ന് വലിച്ചിറക്കി പൊലീസ് പിടിച്ചുകൊണ്ടുപോയി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍