UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയ്‌ക്കെതിരെ പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിഴ: ഹോസ്റ്റല്‍ സൗകര്യങ്ങളും പിന്‍വലിച്ചു

പക്കോഡ വില്‍ക്കുന്നതും തൊഴിലായി കണക്കാക്കണമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ പകോഡ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല 20,000 രൂപ പിഴ ചുമത്തി. ഇത് കൂടാതെ ഇവര്‍ക്ക് നല്‍കി വന്നിരുന്ന ഹോസ്റ്റല്‍ സൗകര്യങ്ങളും സര്‍വകലാശാല അധികൃതര്‍ പിന്‍വലിച്ചിരിക്കുകയാണ്.

എന്‍ എസ് യു ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയാണ് അച്ചടക്കലംഘനം ആരോപിച്ച് ശിക്ഷിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് 20000 രൂപ പിഴ വിധിച്ച സര്‍വകലാശാല ഒരു വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ സൗകര്യങ്ങളാണ് പിന്‍വലിച്ചത്. മറ്റുള്ളവരെ ഹോസ്റ്റലുകള്‍ മാറ്റുകയും ചെയ്തു.

പക്കോഡ വില്‍ക്കുന്നതും തൊഴിലായി കണക്കാക്കണമെന്ന് ഒരു അഭിമുഖത്തില്‍ മോദി പറഞ്ഞതാണ് വിവാദമായത്. അടുത്തകാലത്ത് ജെഎന്‍യു നിര്‍ബന്ധിത അറ്റന്‍ഡന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടിലും പ്രതിഷേധിച്ച് ഫെബ്രുവരി അഞ്ചിന് പക്കോഡ വിറ്റ് പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി അഞ്ചിന് നിങ്ങള്‍ സബര്‍മതി ബസ് സ്റ്റോപ്പിന് മുന്നിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ ടി പോയിന്റിലും ഗതാഗത തടസം സൃഷ്ടിച്ചതിന് തെളിവുണ്ടെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നു. കൂടാതെ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന മാനിക്കാതെ പ്രതിഷേധ സ്ഥലത്ത് പാചകം ചെയ്‌തെന്നും അറിയിപ്പ് പറയുന്നു. പ്രതിഷേധ സ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബലപ്രയോഗത്തിലൂടെ എലക്ട്രിക് കേബിള്‍ സ്ഥാപിച്ചുവെന്നതും കുറ്റമാണെന്നാണ് പറയുന്നത്. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കാത്തതാണെന്നും അച്ചടക്കലംഘനമാണെന്നുമാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍