ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിയ്ക്ക് എത്തിക്കാനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും
സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലവസരം ഉറപ്പാക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കിയതായി പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രി എ കെ ബാലന് ദുബൈയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിശീല പദ്ധതി പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ 1500 യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കാനുള്ള നടപടിയാണ് പൂര്‍ത്തിയായത്.
ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിയ്ക്ക് എത്തിക്കാനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. തൊഴില്‍ നല്കാന് സന്നദ്ധത അറിയിച്ച തൊഴില്‍ ദാതാക്കളുടെ യോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ദുബൈയിലും അബുദാബിയിലും നടത്തി. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും യോഗത്തില്‍ ഒപ്പമുണ്ടായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ നൈപുണ്യ വികസനത്തിലൂടെ ശാക്തീകരിക്കാനും തൊഴില്‍ നേടാനും പ്രാപ്തരാക്കുന്ന ലോകത്തിലെ ആദ്യത്തെ പദ്ധതിയാണ് ഇതെന്ന് ബാലന് അവകാശപ്പെട്ടു.
ഓയില്‍ ആന്‍ഡ് റിഗ് മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലും ഉറപ്പാക്കിയത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ദുബൈ, അബുദാബി മേഖലകളില്‍ എഴുപതോളം സംരഭകരെ വിളിച്ചു ചേര്‍ത്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സംരഭകരുടെ ഭാഗത്തു നിന്നും പൂര്‍ണ സഹകരണമുണ്ടായതായും മന്ത്രി അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെ ഉടമകളെല്ലാം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പാക്കിയ നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴില്‍ കണ്ടെത്താനുള്ള സഹായം നല്കുന്ന പദ്ധതി പ്രകാരവും വിവിധ തൊഴിലുകള്‍ക്കായി 2357 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ സംഘം മന്ത്രിയെ കണ്ട് 500 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് ഉറപ്പ് നല്കി. ഇതിന്റെ ആദ്യഘട്ടമായി 250 പേര്‍ക്ക് ഉടന്‍ തൊഴില്‍ ലഭ്യമാക്കും.
വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിനുള്ള സേവനം നല്‍കുന്നതിനൊപ്പം ആഭ്യന്തര തൊഴിലുകള്‍ നേടുന്നതിന് 23 സ്ഥാപനങ്ങളുടെ സേവനവും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ട്രെയിനിംഗ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് പലപ്പോഴും ജോലിയും നല്‍കുന്നത്. വിദേശത്തുള്ള തൊഴില്‍ വൈദഗ്ധ്യത്തിന് നാട്ടില്‍ തന്നെയാണ് പരിശീലനം നല്‍കുന്നത്. അങ്കമാലിയിലെ എക്സ്പോര്‍ട്ട് കമ്പനിയാണ് ഇത്തരത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നതെന്നും ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് കേംബ്രിഡ്ജ് സര്‍വകലാശാലയുമായി സഹകരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ പരിശീലനത്തിനൊപ്പം ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൂടി പഠിപ്പിച്ചാണ് യുവാക്കളെ ഗള്‍ഫിലേക്ക് അയയ്ക്കുന്നത്.