UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതി ഉത്തരവ് ജോസ് കെ മാണി പരിഗണിച്ചില്ല, ചെയര്‍മാനായി ചുമതലയേറ്റു, സംഘര്‍ഷം ഭയന്ന് മോന്‍സ് ജോസഫിന്റെ വീട്ടില്‍ പൊലീസ് സംരക്ഷണം

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിയ്‌ക്കെതിരെ തൊടുപുഴ മുന്‍സിഫ് കോടതിയുടെ വിധി നിലനിൽക്കെ പാർട്ടി ഓഫീസിലെത്തി ഉത്തരവ് ലംഘിച്ച് ജോസ് കെ. മാണി. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹം ചെയര്‍മാന്റെ മുറിയിലെത്തുകയും, മുറിയ്ക്ക്‌ പുറത്ത് ചെയര്‍മാന്‍ ജോസ് കെ മാണി എന്ന്‌ വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. ചെയർമാൻ സ്ഥാനം സ്റ്റേ ചെയ്ത ഉത്തരവ് ലംഘിച്ച് മണിക്കൂറുകൾക്കകമായിരുന്നു ജോസ് കെ മാണിയുടെ നടപടി.

പാര്‍ട്ടി ആസ്ഥാനത്തെ ചെയര്‍മാന്റെ മുറി ഉപയോഗിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിട്ടുണ്ടെന്നിരിക്കെയാണ് നടപടി. അതേസമയം, തന്റെ ചെയർമാൻ സ്ഥാനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജോസ് കെ.മാണിയുടെ നിലപാട്.

കഴിഞ്ഞ ദിവസം ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഈ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം അംഗങ്ങള്‍ തൊടുപുഴ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ച് ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്‌റ്റേ ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. കോടതി സ്റ്റേ ചെയ്തതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് അസാധുവായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.

എന്നാൽ, തർക്കം കോടതിയിലെത്തിയ സ്ഥിതിക്ക് അനുരഞ്ജനശ്രമങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് എം ചെയർമാനായി പ്രവർത്തിക്കുന്നതിനുള്ള സ്റ്റേ മാറ്റാൻ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കത്തിൽ ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.

സി എഫ് തോമസ് കൂടി പി ജെ ജോസഫിനൊപ്പം ചേർന്നെങ്കിലും തങ്ങൾ ദുർബലമായിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. അതിനിടെ മധ്യസ്ഥ ചർച്ചകൾക്കായി തിരുവനന്തപുരത്തേക്ക് വരാനിരുന്ന ജോസ് കെ മാണി കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ യാത്ര റദ്ദാക്കി. നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് യാത്രമാറ്റിവച്ചതിന് പിന്നിലെന്നാണ് നിഗമനം. തർക്കം നിൽക്കുമ്പോഴും നിയമസഭയിൽ പി ജെ ജോസഫിനെ നേതാവായി അംഗീകരിച്ച് പോകാനാണ് എതിർവിഭാഗത്തിന്റെ തീരുമാനം.

അതിനിടെ, കേരള കോൺഗ്രസിലെ സാഹചര്യങ്ങൾ കൈവിട്ടുപോയതോടെ മോൻസ് ജോസഫ് എം.എൽ.എയുടെ വീടിനും ഓഫീസിനും പോലീസ് സുരക്ഷ ശക്തമാക്കി. ആപ്പാഞ്ചിറ-കീഴൂർ റോഡിലുള്ള എം.എൽ.എ.യുടെ വീടിനു മുൻപിൽ ശനിയാഴ്ച രാത്രി മുതലാണ് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എസ്.പിയുടെ നിർദേശ പ്രകാരമാണ് നടപടി. മേയ് 30, 31, ജൂൺ ഒന്ന് തീയതികളിൽ ജോസ് കെ.മാണിയെ അനുകൂലിക്കുന്നവർ രണ്ടുപ്രാവശ്യം കടുത്തുരുത്തി ടൗണിൽ പ്രകടനം നടത്തിയിരുന്നു. മോൻസ് ജോസഫിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ബദലായി മോൻസ് ജോസഫിനെ അനുകൂലിക്കുന്നവർ തിരിച്ചും പ്രകടനം നടത്തുകയും ജോസ് കെ.മാണിയുടെ കോലംകത്തിക്കുകയും ചെയ്തിരുന്നു. അന്നും എം.എൽ.എയുടെ വീടിന് പോലീസ് കാവലേർപ്പെടുത്തിയിരുന്നു.

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍