UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജെ ജോസഫ് ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിച്ചു തുടങ്ങി; കരുനീക്കങ്ങളുടെ വേഗം കൂട്ടി ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി ഉടന്‍ ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി അറിയിച്ചു. ഒരു സ്ഥാനങ്ങള്‍ സംബന്ധിച്ചും തര്‍ക്കമില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് അറിയിച്ചു.

താല്‍ക്കാലിക ചെയര്‍മാനായ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്റെ അധികാരം പ്രയോഗിച്ച് തുടങ്ങിയതോടെയാണ് മാണി വിഭാഗം കരുനീക്കങ്ങളുടെ വേഗം കൂട്ടിയത്. കെഎം മാണിയുടെ 41-ാം ചരമദിന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി വിഭാഗം നേതാക്കള്‍ പാലായില്‍ യോഗം ചേര്‍ന്നിരുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടിയുടെ മറ്റ് ഘടകങ്ങളിലും മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. പാലായില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന നേതാക്കള്‍ ഇതിനായി ഒപ്പു ശേഖരണം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ യോഗം വിളിക്കണമെങ്കില്‍ പി ജെ ജോസഫ് തന്നെ വിചാരിക്കണം.

പിജെ ജോസഫിന് അനുകൂലമായി നിലപാടെടുത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. മാണി വിഭാഗക്കാരനായിരുന്ന സിഎഫ് തോമസും ജോയ് എബ്രഹാമും പിജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജോസ് കെ മാണിയും കൂട്ടരും പ്രതിരോധത്തിലായത്. ഇത് മറികടക്കാനാണ് ഒപ്പു ശേഖരണം നടത്താനുള്ള മാണി വിഭാഗത്തിന്റെ തീരുമാനം. ഭൂരിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനും പി ജെ നിര്‍ബന്ധിതനാകും. ഇതുവഴി ജോസ് കെ മാണിയെ ചെയര്‍മാനാക്കുകയാണ് ലക്ഷ്യം.

അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ കേസ് പിന്‍വലിക്കാനും ഗ്രൂപ്പ് യോഗത്തില്‍ ധാരണയായി. കേസിന്റെ പേരില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.

read more:ഒരു നിശബ്ദ ചിത്രം: മോദി സംസാരിക്കുമ്പോള്‍ എഴുതാനായി ഒന്നാം പേജില്‍ സ്‌പേസ് ഒഴിച്ചിട്ട് ടെലിഗ്രാഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍