UPDATES

ചിലര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമെന്ന് ജോയ് എബ്രഹാം; പാലായില്‍ വോട്ടെടുപ്പിന് ഇടയിലും വാക്‌പോര്

ജോയ് എബ്രാഹമിനെതിരെ ജോസ് കെ മാണി വിഭാഗം രംഗത്തെത്തി

പാലായില്‍ ചിലര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണെന്ന് കൈമുതലായുള്ളതെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം. പാലായിലെ ജനങ്ങള്‍ വിചാരിക്കുന്നതിലും പ്രബുദ്ധരാണെന്നും ജോയ് പറയുന്നു. മാണി സാര്‍ ഒരിക്കലും കുബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ആശാനായിരുന്നില്ല. കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ലെന്നും പാര്‍ട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെന്നും അതിന്റെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ജോയ് എബ്രഹാം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖനായ നേതാവാണ് ജോയ് എബ്രഹാം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ജോയ് എബ്രഹാമിന്റെ പ്രതികരണത്തില്‍ നിന്നും പുറത്തുവരുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ പാരമ്യത്തിലെത്തിയ ജോസഫ്-ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം യുഡിഎഫ് ഇടപെട്ട് താല്‍ക്കാലികമായി പരിഹരിച്ചിരുന്നു.

ജോയ് എബ്രാഹമിനെതിരെ ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. ജോയിയുടെ പ്രസ്താവന മര്യാദകേടാണെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ പ്രതികരണം. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ജോയിക്കെതിരെ യുഡിഎഫില്‍ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വോട്ടെടുപ്പ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ കനത്ത പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തുന്നത്. ഇതുവരെ 22 ശതമാനം വോട്ട് രേഖപ്പെടുത്തി.

അതെസമയം പാലായില്‍ കെ എം മാണി തരംഗമില്ലെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ പ്രതികരണം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണം വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറയുമെന്നും മാണി സി കാപ്പന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കെ എം മാണിയെ അപമാനിക്കുന്ന നടപടികളാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിക്ക് ബോണസ് ആണെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. രാവിലെ ഏഴ് മണിയ്ക്ക് തന്നെ കുന്നുംപാറ 119-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മാണി സി കാപ്പന്‍ വോട്ട് ചെയ്തതില്‍ ഒന്നാമനായത് പോലെ വോട്ടെണ്ണമ്പോഴും ഒന്നാമനാകുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം പാലായിലെ ജനവിധി ഇടതിന് എതിരാകുമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ പ്രതികരണം. എന്‍ഡിഎയ്ക്ക് ഇക്കുറി മണ്ഡലത്തില്‍ അത്ഭുതം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎം മാണിയുടെ കുടുംബം പാലാ സെന്റ് തോമസ് സ്‌കൂളിലെ 128-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തു. ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെഎം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു കുട്ടിയമ്മയുടെ പ്രതികരണം. യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ലെന്നായിരുന്നു സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രതികരണം.

also read:ഈ സൈക്കിള്‍ പത്ത് മീറ്റര്‍ ചവിട്ടുന്നയാള്‍ക്ക് ആയിരം രൂപ സമ്മാനം; എന്താ ട്രൈ ചെയ്യുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍