UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവിനെ കൊന്നവര്‍ രമയെ മാനസികമായി ദ്രോഹിക്കുന്നു: കെ മുരളീധരന്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനാണ് കെ കെ രമയ്‌ക്കെതിരെ കേസെടുക്കുന്നത്

ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസെടുത്തതിനെതിരെ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെ മാനസികമായും ദ്രോഹിക്കുകയാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. സത്യം പറഞ്ഞതിനാണ് രമയ്‌ക്കെതിരെ കേസെടുത്തത്. യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനാണ് കെ കെ രമയ്‌ക്കെതിരെ കേസെടുക്കുന്നത്. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്ക്കിടെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രമ ഉള്‍പ്പടെ ആര്‍എംപിയുടെ മൂന്ന് നേതാക്കള്‍ക്കുമെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്റെ ആരോപണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്ന് നേരത്തേ ആര്‍എംപി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി യോഗത്തിന് ശേഷം വടകരയില്‍ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആര്‍എംപിയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍