UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബിന്റെ കൊലപാതകം: നിരാഹാരത്തിനൊരുങ്ങി കെ സുധാകരന്‍

മട്ടന്നൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നിരാഹാര സമരം ആരംഭിക്കുന്നു. 19ന് രാവിലെ മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് പടിക്കലാണ് 48 മണിക്കൂര്‍ നിരാഹാരം ആരംഭിക്കുന്നത്. 48 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ കെപിസിസിയുടെ അനുമതിയോടെ സമരം തുടരും. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ എന്നിവര്‍ നേരത്തെ 24 മണിക്കൂര്‍ വീതം നിരാഹാരം നടത്തിയിരുന്നു.

ജയിലില്‍ നിന്നും ഇറങ്ങിയ ചിലരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. കൊടി സുനിയെ പോലെയുള്ള സിപിഎം ക്രിമിനലുകള്‍ പരോള്‍ പോലുമില്ലാതെ രാത്രി ജയിലില്‍ നിന്നും പുറത്ത് പോയി രാത്രി തിരിച്ചെത്താറുണ്ടെന്ന് ചില ജയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ പോലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മട്ടന്നൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് അക്രമികളെക്കുറിച്ചും അവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല. കണ്ണൂരില്‍ പോലീസുകാരെ നിയന്ത്രിക്കുന്നത് എസ്പിയല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ആണെന്നും സുധാകരന്‍ ആരോപിച്ചു.

ഷുഹൈബ് കുടുംബ സഹായ നിധിയ്ക്ക് വേണ്ടി കെപിസിസിയുടെ മുഴുവന്‍ നേതാക്കളും ഈമാസം 22ന് കണ്ണൂരിലെത്തി ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ പിരിവെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മറ്റ് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കും സംഭാവന പിരിക്കുക.

തിങ്കളാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) വെട്ടേറ്റ് കൊല്ലപ്പെട്ടത്. രാവിലെ പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിച്ചിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍