UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിക്കുമെന്ന് പ്രതീക്ഷിച്ചല്ല പത്തനംതിട്ടയില്‍ മത്സരിച്ചത്‌: കെ സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ക്ക് ബിജെപിയുടെ നിലപാടുകളോടും വിയോജിപ്പുണ്ടെന്ന് അര്‍ത്ഥമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്

ജയിക്കുമെന്ന് പ്രതീക്ഷിച്ചല്ല താന്‍ പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.38 ലക്ഷം വോട്ടുകള്‍ മാത്രം കിട്ടിയ മണ്ഡലമാണ് ഇതെന്നും എന്നാല്‍ ഇത്തവണ മൂന്നര ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ തനിക്ക് സാധിച്ചുവെന്നും സുരേന്ദ്രന്‍ മനോരമ ചാനലിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പ്രതികരിച്ചു.

അതൊരു ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ക്ക് ബിജെപിയുടെ നിലപാടുകളോടും വിയോജിപ്പുണ്ടെന്ന് അര്‍ത്ഥമില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അല്ലാത്ത പക്ഷം ഭൂരിപക്ഷത്തില്‍ ഈ വര്‍ധനവുണ്ടാകുമായിരുന്നില്ല. പക്ഷെ ജനങ്ങളുടെ പ്രധാനപ്പെട്ട പരിഗണന സിപിഎമ്മിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു. പിണറായി വിജയനെ പരാജയപ്പെടുത്തുകയെന്നതാണ് അവര്‍ പ്രധാനമായും മുന്നോട്ട് വച്ചത്. പ്രത്യേകിച്ചും ആ മണ്ഡലം നേരിട്ട് മുഖ്യമന്ത്രി നോക്കുന്നു. മുഖ്യമന്ത്രിയുടെ നോമിനി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു. അവര്‍ എംപിയായി വിജയിച്ചാല്‍ പിന്നെ പതിനെട്ടാം പടി കയറാനാകുമോയെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നിരിക്കും.

ആരാണ് സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ പ്രധാനമായിട്ടും ഉള്ളതെന്നായിരിക്കുമല്ലോ ജനങ്ങള്‍ കരുതുക. ആ വിശ്വാസം കുറച്ചു കൂടി നേടിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ ജയിക്കുമോയെന്ന ആശങ്ക മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. അതുപോലെ ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ സിപിഎം വിജയിക്കുമോയെന്ന ആശങ്ക ഭൂരിപക്ഷ വിഭാഗത്തിനിടയിലുമുണ്ടായി. ഇതാണ് സത്യം.

ബിജെപി ജയിച്ചാല്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഇവിടെ ഇടതുപക്ഷം നടത്തുന്ന പ്രചരണത്തിന്റെ പ്രത്യേകതയാണ്. ബിജെപി ഒരു വര്‍ഗ്ഗീയ കക്ഷിയാണ്. ബിജെപി ജയിച്ചാല്‍ എല്ലാവരും പാകിസ്ഥാനിലേക്ക് പോകേണ്ടി വരും, ക്രൈസ്തവര്‍ ആട്ടിയോടിക്കപ്പെടും എന്നൊക്കെയുള്ള ഒരു നീചമായ പ്രചരണമുണ്ട്. ഇത് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്.

ആ നീചമായ പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. ഇപ്പോള്‍ ഉദാഹരണത്തിന് ഏതെങ്കിലും ഒരു സ്ട്രീറ്റില്‍ ആള്‍ക്കൂട്ടക്കൊലപാതകം പോലുള്ള ഒറ്റപ്പെട്ട സംഭവം നടന്നാല്‍ അതിനെല്ലാം ബിജെപി ആണ് മോദിയാണ് കാരണക്കാര്‍ എന്ന വലിയൊരു പ്രചാര വേല നടക്കുന്നുണ്ട്. ആ പ്രചാര വേല മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കുന്നുമുണ്ട്.

ശബരിമല ഒരു കമ്മ്യൂണല്‍ വിഷയം ആയിരുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലോ ക്രിസ്ത്യാനികളും തമ്മിലോ ഉള്ളതായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ളതായിരുന്നു. നിലയ്ക്കല്‍ സമരം ഒരു വര്‍ഗ്ഗീയ സമരം ആയിരുന്നു. ശബരിമല വിഷയത്തില്‍ ക്രൈസ്തവ സഹോദരന്മാരും മുസ്ലിം സഹോദരന്മാരുമെല്ലാം സര്‍ക്കാര്‍ നടപടി നാളെ തങ്ങള്‍ക്കും ബാധിക്കുമോയെന്ന ആശങ്കയില്‍ കഴിയുന്നവരായിരുന്നു. അതുകൊണ്ട് മതന്യൂനപക്ഷങ്ങളുടെ അപ്രീതിയാണ് തന്റെ പരാജയത്തിന് കാരണമെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

read more:കടത്തിയത് 1000 കിലോയിലധികം സ്വർണം, നികുതിയിനത്തിൽ മാത്രം നഷ്ടം 35 കോടിയിലധികം; ബാലഭാസ്കറിന്റ മരണം വിരൽ ചൂണ്ടുന്നത് വൻ റാക്കറ്റിലേക്ക്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍