ജനുവരി 26 മുതലാണ് യാത്ര ആരംഭിക്കുന്നത്
രാഷ്ട്രീയത്തിലിറങ്ങിയ നടന്‍ കമല്‍ഹാസന്‍ തമിഴ്‌നാട് പര്യടനത്തിനരുങ്ങുന്നു. ഇ. പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് കമല്‍ഹാസന്‍ ജനുവരി 26 മുതല്‍ തമിഴ്‌നാട് സംസ്ഥാന പര്യടനം നടത്തുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ആദ്യ പടിയെന്നോണം സംസ്ഥാനത്തെ അഴിമതി പുറത്തുകൊണ്ടുവരാനും ജനങ്ങളോട് സംവദിക്കാനുമായി അദ്ദേഹം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. തന്റെ മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമല്‍ അവകാശപ്പെട്ടിരുന്നു. തന്റെ 63ാം ജന്മദിനത്തിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് പുറത്തിറക്കിയത്.
ഒരു അവാര്‍ഡ്ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്. തമിഴ് വാരികയായ അനന്ദവികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കഴിഞ്ഞ മാസം നടന്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നീക്കത്തിന് കമല്‍ഹാസനും പിന്തുണയുമായി എത്തിയിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അടുത്തിടെ എഴുതിയ ഒരു കോളത്തില്‍ സൂചനയും നല്‍കിയിരുന്നു.