UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരിലേക്കിറങ്ങും: ‘മയ്യം വിസില്‍’ ആപ്പുമായി കമല്‍ ഹാസന്‍

തന്റെ അറുപത്തിമൂന്നാം ജന്മദിന ആഘോഷങ്ങള്‍ക്കായി ആരാധകര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനില്ലെന്ന് വ്യക്തമാക്കി കമല്‍ ഹാസന്‍ അഴിമതിക്കെതിരെയും ജനങ്ങളുമായി പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കാനുമുള്ള മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പ് പ്രഖ്യാപിച്ചു. ആപ്പ് ജനുവരിയോടെ പുറത്തിറങ്ങും. പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ധനസമാഹരണവും ഈ ആപ്പിലൂടെ നടത്തും.

അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരിലേക്കിറങ്ങുകയാണെന്നും അതിനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കുമെന്നുമാണ് കമല്‍ പറയുന്നത്. തന്റെ അറുപത്തിമൂന്നാം ജന്മദിന ആഘോഷങ്ങള്‍ക്കായി ആരാധകര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ഈ ചടങ്ങില്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ആപ്പ് പുറത്തിറക്കല്‍ മാത്രമായിരിക്കും ഇന്ന് നടക്കുകയെന്ന് കമല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാനിധി കമല്‍ ഹാസനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ജയലളിതയുടെ കാലഘട്ടത്തില്‍ പലരും സാമൂഹിക വിഷയങ്ങളിലടക്കം ഇടപെടാനും പ്രതികരിക്കാനും ഭയന്നിരുന്നുവെങ്കിലും സിനിമ ശക്തമായ രാഷ്ട്രീയം പറയാനുള്ള വേദിയായി കമല്‍ മാറ്റി. അതിന്റെ ഫലമായി 1992ല്‍ തേവര്‍മകന്‍, 2004ല്‍ വീരുമാണ്ടി, 2013ല്‍ വിശ്വരൂപം എന്നീ സിനിമകളുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു. ജയലളിതയുടെ മരണത്തിന് ശേഷമാണ് കമല്‍ തന്റെ രാഷ്ട്രീയ നിശബ്ദത അവസാനിപ്പിച്ചത്.

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറിയതാണ് അതിന് കാരണം. ഇനിയങ്ങോട്ട് കമലിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായിരിക്കും തമിഴ്‌നാട് സാക്ഷിയാകുകയെന്ന് വ്യക്തമായിട്ടുണ്ട്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നടത്തിയ തരത്തിലുള്ള പ്രചരണങ്ങളാണ് തമിഴ്‌നാട്ടില്‍ കമല്‍ ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍