UPDATES

മരടിലേത് ബില്‍ഡര്‍മാരെ രക്ഷിക്കാനുള്ള സമരം; കോടതി വിധി നടപ്പാക്കാനാകില്ലെന്ന് പറയാനാകില്ലെന്നും സിപിഐ

സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും കാനം

മരടില്‍ നടക്കുന്നത് ബില്‍ഡര്‍മാരെ രക്ഷിക്കാനുള്ള സമരമാണെന്ന് സിപിഐ. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതില്‍ നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ഡര്‍മാരെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്, ജനവിധിയെ വിലകുറച്ചു കാണരുതെന്നാണ് കാനം മറുപടി പറഞ്ഞത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വഴിയില്‍ നില്‍ക്കുന്ന ആര്‍ക്കും കയറി വരാവുന്ന മുന്നണിയല്ല എല്‍ ഡി എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം മുന്നോട്ടുപോകും. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം വ്യക്തമാക്കി.

അതിനിടെ, മരട് ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. 17ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

വിവിധ പാര്‍ട്ടികളുടെ കൂടി അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചത്.

ഈമാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഒഴിയില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്. ഇതിനിടെ, മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചുകൊണ്ട് മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കളായ ആല്‍ഫാ വെന്‍ച്വേഴ്‌സ് കത്ത് നല്‍കി.

also read: ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍