ബിജെപിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പ്രദീപ് വട്ടിപ്രം
കെപിസിസി അധ്യക്ഷനാകാനുള്ള താല്പര്യം പരസ്യമാക്കിയ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി. ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ സുധാകരന് ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് ആരോപിക്കുന്ന പ്രദീപ് വട്ടിപ്രം തനിക്ക് പാര്‍ട്ടിക്കുള്ളില്‍ ഊരുവിലക്കാണെന്നും വെളിപ്പെടുത്തി. പാര്‍ട്ടി വിടുകയാണെന്നും പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നത്. ബിജെപിയുമായി വിലപേശല്‍ നടത്തിയ കെ സുധാകരന് രാജ്യസഭ അംഗത്വവും സഹമന്ത്രി സ്ഥാനവും ചോദിച്ചതായും പ്രദീപ് വട്ടിപ്രം ആരോപിക്കുന്നു. ബിജെപിയിലേക്ക് പോകുന്ന കാര്യത്തില്‍ സുധാകരന് ബിജെപി ദൂതരുമായി ചര്‍ച്ച നടത്തിയതായും പാര്‍ട്ടി നേതാക്കള്‍ക്കറിയാം. ഈ വിലപേശല്‍ വിജയിക്കാത്തതിനാലാണ് സുധാകരന് ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് സുധാകരനെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന പരോക്ഷ സൂചന നല്‍കാനും സുധാകരന് സാധിച്ചു. സുധാകരന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്നും പ്രദീപ് വട്ടിപ്രം പറയുന്നു.