UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെടുത്താന്‍ നോക്കേണ്ട, ഒറ്റക്കെട്ടായി എടുത്ത തീരുമാനം; പ്രതിരോധവുമായി ചെന്നിത്തല

ചോദിച്ചു വാങ്ങിയ നാണക്കേട് എന്നായിരുന്നു വി എം സുധീരന്റെ ആക്ഷേപം

കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് കേരള സിമയസഭ ഏകകണ്ഠമായി പാസാക്കി നിയമം ആക്കുകയായിരുന്നു. സ്വായശ്ര മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷത്തിന് കൂട്ടുനിന്നതിനെതിരേ കോണ്‍ഗ്രസിന്റെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ രംഗത്തു വന്നിരുന്നു. തൃത്താല എംഎല്‍എ വി ടി ബല്‍റാം മാത്രമാണ് പ്രതിപക്ഷ നിരയില്‍ ഓര്‍ഡിനന്‍സിനെതിരേ പ്രതികരണം നടത്തിയത്. സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയാണ് രൂക്ഷവിമര്‍ശനം ഉണ്ടായത്. ഇന്ന്, സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തുകൊണ്ട് 180 കുട്ടികളേയും പുറത്താക്കാന്‍ ആവശ്യപെട്ട് സുപ്രിം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. നിയമ വിരുദ്ധ നടപടിക്കു കൂട്ട് നില്‍ക്കുക വഴി നാണക്കേടിന്റെ പങ്ക് പ്രതിപക്ഷവും ചോദിച്ചു വാങ്ങി എന്നായിരുന്നു സുധീരന്റെ ആക്ഷേപം. കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ ചരിതത്തിലെ കറുത്ത ദിനമാണ് ഇന്നലെ എന്നും വി എം സുധീരന്‍ പ്രതികരിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ എല്ലാം തനിക്കുനേരെ തിരിയുമെന്ന മനസിലാക്കി ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിരോധ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് മെഡിക്കല്‍ കോളേജിലെ പ്രവേശനം ക്രമപ്പെടുത്തല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും യു.ഡി.എഫ്. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമായിരുന്നു അതെന്നുമാണ് ചെന്നിത്തല പറയുന്നത്. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇറക്കിയിരിക്കുകയാണ്.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ;

കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് മെഡിക്കല്‍ കോളേജിലെ പ്രവേശനം ക്രമപ്പെടുത്തല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ്. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ല. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഏതായാലും സുപ്രീംകോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അതിനെ അംഗീകരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍