UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമ ഭീകരാക്രമണം: കാശ്മീരി പുതപ്പ് വില്‍പ്പനക്കാര്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം; ലക്ഷങ്ങള്‍ വിലയുള്ള പുതപ്പുകള്‍ ഉപേക്ഷിച്ച് ഓടി

നിങ്ങളുടെ ആളുകളാണ് ഞങ്ങളുടെ ആളുകളെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്ത് കാശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ട്രെയിനില്‍ ഷാളുകളും സ്യൂട്ടുകളും വില്‍ക്കാനെത്തിയ രണ്ട് കാശ്മീരി യുവാക്കളെ ട്രെയിനില്‍ വച്ച് മര്‍ദ്ദിച്ചു. ഹരിയാനയിലെ സംപ്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

നന്‍ഗ്ലോയി സ്‌റ്റേഷനില്‍ വച്ചുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഇരുവരും രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കരാട്ടിന്റെ സഹായത്തോടെ യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി. സായുധ സേനാംഗങ്ങളെന്ന് അവകാശപ്പെട്ട രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് ബൃന്ദ കരാട്ട് പറഞ്ഞു. നിങ്ങളുടെ ആളുകളാണ് ഞങ്ങളുടെ ആളുകളെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇത് കണ്ടുനിന്ന പതിനഞ്ചോളം പേര്‍ കൂടി ഇവരെ മര്‍ദ്ദിക്കാന്‍ ചേര്‍ന്നു. അവര്‍ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് രണ്ട് ലക്ഷം രൂപ വിലവരുന്ന പുതപ്പുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന് ബൃന്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം അക്രമികള്‍ സാധാരണ വസ്ത്രത്തിലായിരുന്നതിനാല്‍ ഇവര്‍ സായുധസേനാംഗങ്ങളാണോയെന്ന് അറിയില്ലെന്ന് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ദിനേഷ് ഗുപ്ത അറിയിച്ചു. കാശ്മീരില്‍ കല്ലെറിയുന്നവരാണെന്ന് പറഞ്ഞാണ് ആക്രമണം തുടങ്ങിയത്.

നോര്‍ത്ത് ഡല്‍ഹിയിലെ സാരായ് രോഹില്ലയില്‍ താമസിക്കുന്നവരാണ് ആക്രമിക്കപ്പെട്ടത്. നന്‍ഗ്ലോയിയില്‍ ഇറങ്ങിയ യുവാക്കള്‍ കാശ്മീരിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് ബൃന്ദാ കരാട്ടിനെ ബന്ധപ്പെട്ടത്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ഇവരുടെ പരാതി റെയില്‍വേ പോലീസ് രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍