UPDATES

വിപണി/സാമ്പത്തികം

ജി എസ് ടി; വ്യാപാരികളുടെ കൊള്ള അനുവദിക്കരുതെന്നു കേരളം

ജി എസ് ടി പ്രാബല്യത്തില്‍ വന്നിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു

ജി എസ് ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ് ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ് ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്‌റ്റ്വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്.

വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക്ക് (ജിഎസ് ടിഎന്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജിഎസ്ടിഎന്‍ ആണ്.

സോഫ്റ്റ്‌വേര്‍ സിസ്റ്റം പൂര്‍ണമാവാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജിഎസ് ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. ചില വസ്തുക്കള്‍ക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ്‌വേര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍ഫോസിസില്‍ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തില്‍ ജിഎസ്ടിഎന്‍ നിയോഗിക്കണം.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനം ശക്തിപ്പെടുത്തും. ജിഎസ് ടി ദാതാക്കളുടെ പരാതി പരിഹാര കേന്ദ്രമായി അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ജിഎസ് ടി വകുപ്പിന്റെ 180 സര്‍ക്കിളുകളിലും നികുതിദായകര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് നികുതിദായകരെ സഹായിക്കാന്‍ ജിഎസ് ടി വകുപ്പ് തന്നെ സൗജന്യമായി അകൗണ്ടിംഗ് സോഫ്റ്റ്‌വേര്‍ ഉണ്ടാക്കിക്കൊടുക്കും.

ജിഎസ് ടി പ്രാബല്യത്തില്‍ വന്നിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് മന്ത്രിസഭ വിലയിരുത്തി. നികുതിദായകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും മന്ത്രിസഭ യോഗം വിലയിരുത്തി..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍