UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് കടപ്പുറത്ത് ഇന്നുമുതല്‍ സംവാദത്തിന്റെ നാളുകള്‍: നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വൈകിട്ട് തിരിതെളിയും

സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് ഇത്തവണ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുക

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കോഴിക്കോട് കടപ്പുറത്ത് ഇന്ന് ആരംഭിക്കും. ഡി.സി. കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് ആറു മണിയോടെ എം.ടി വാസുദേവന്‍ നായരാണ് നിര്‍വഹിക്കുക. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി എന്നിവ ചര്‍ച്ചയാകുന്ന നാലു ദിവസത്തെ സാഹിത്യോത്സവത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടക്കം അഞ്ഞൂറോളം അതിഥികളാണ് വിവിധ സെഷനുകളിലായി സംവദിക്കാനെത്തുക.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കണക്കാക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം കേരള സര്‍ക്കാരും പങ്കാളികളാണ്. സാഹിത്യ ചര്‍ച്ചകള്‍ക്കൊപ്പം ചലച്ചിത്ര മേളയും കലാസന്ധ്യകളും അരങ്ങേറും. ജനുവരി 13 വരെ നടക്കുന്ന നാലാം പതിപ്പില്‍ അനവധി പ്രമുഖര്‍ ഭാഗമാകാനെത്തുന്നുണ്ട്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംഡെ, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ദേവ്ദത്ത് പട്നായിക്, കേകി ദാരുവല്ല, അനിത നായര്‍, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, സാഗരിക ഘോഷ്, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ശോഭാ ഡേ, എന്നിവര്‍ക്കൊപ്പം ടി. പത്മനാഭന്‍, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സണ്ണി കപിക്കാട്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, എസ് ഹരീഷ് എന്നിവരും വിവിധ ചര്‍ച്ചകളിലായി പങ്കെടുക്കും. ഇവരെക്കൂടാതെ കലാ, സാഹിത്യ, നിരൂപണ, സിനിമാ, നിയമ, മാധ്യമ രംഗത്തെ പ്രമുഖരും കെ.എല്‍.എഫിനായി കോഴിക്കോട്ടെത്തും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ മുന്‍നിര്‍ത്തിയുള്ള ‘റീബില്‍ഡ് കേരള’ എന്ന പേരിലെ സെഷനുകള്‍ ഇത്തവണത്തെ സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരുമടക്കമുള്ളവര്‍ റീബില്‍ഡ് കേരള സെഷനുകളില്‍ പങ്കെടുക്കും. അതിനൊപ്പം, ഗാന്ധിജി, നെഹ്റു, അംബേദ്കര്‍ എന്നിവരെ മുന്‍നിര്‍ത്തിയുള്ള ആധുനിക ഭാരതശില്പികള്‍ എന്ന ഭാഗവും വാഗ്ഭടാനന്ദന്‍, മക്തി തങ്ങള്‍, ദാക്ഷായണി വേലായുധന്‍, അയ്യങ്കാളി, നാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആധുനിക കേരളത്തിന്റെ ശില്‍പികള്‍ എന്ന ഭാഗവും നാലാം പതിപ്പിലുണ്ട്. വി.ടി ഭട്ടതിരിപ്പാട്, എം. ഗോവിന്ദന്‍, കേസരി ബാലകൃഷ്ണപിള്ള എന്നിവരെക്കുറിച്ചുള്ള ‘കേരളീയ ചിന്തയിലെ കലാപകാരികള്‍’ എന്ന സീരീസുമുണ്ട്.

വെയില്‍സിനെയാണ് കെ.എല്‍.എഫ് ഇത്തവണ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലാകട്ടെ, മറാത്തി ഭാഷയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെയ്ല്‍സ് സാഹിത്യത്തിനും മറാത്തി സാഹിത്യത്തിനുമായി പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുക. ഒപ്പം പോയട്രി ഫെസ്റ്റിവല്‍, ഫോട്ടോ പ്രദര്‍ശനങ്ങള്‍ എന്നിവയും കെ.എല്‍.എഫിന്റെ ഭാഗമാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

കേരള സര്‍ക്കാരിനൊപ്പം ടൂറിസം വകുപ്പ്, കേരള ലോട്ടറി, കോഴിക്കോട് സാംസ്‌കാരിക വേദി, കിര്‍ത്താഡ്സ്, ഡി.ടി.പി.സി എന്നിവരും കിഴക്കേമുറി ഫൗണ്ടേഷനോടു ചേര്‍ന്നാണ് കെ.എല്‍.എഫ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി., എ.പ്രദീപ് കുമാര്‍ എം.എല്‍.എ., എം.കെ. മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവറാവു എന്നിവരും പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍