UPDATES

വാര്‍ത്തകള്‍

വളഞ്ഞ് മൂക്കു പിടിക്കാതെ ജയരാജന് വോട്ട് ചെയ്യുകയന്ന് പറഞ്ഞാല്‍ മതിയായിരുന്നു: ശാരദക്കുട്ടിക്ക് മറുപടിയുമായി കെ കെ രമ

ശാരദക്കുട്ടിയുടേത് സെലക്ടീവ് വിമര്‍ശനമാകുന്നില്ലേയെന്നും രമ

എഴുത്തുകാരി ശാരദക്കുട്ടിയ്ക്ക് ചുട്ടമറുപടിയുമായി ആര്‍എംപി നേതാവ് കെ കെ രമ. ശാരദക്കുട്ടിയുടേത് സെലക്ടീവ് വിമര്‍ശനമാണെന്നും അത് ജനത്തിന് മനസിലാകുന്നുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.

ടീച്ചറിനോട് എല്ലാ ബഹുമാനത്തോടെയും പറയട്ടെ വളഞ്ഞ് മൂക്കു പിടിക്കാതെ ജയരാജന് വോട്ട് ചെയ്യുകയെന്ന് പറഞ്ഞാല്‍ മതിയായിരുന്നെന്നും അവര്‍ ശാരദക്കുട്ടിയ്ക്ക് മറുപടിയായി പറഞ്ഞു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് രമ ഇങ്ങനെ പറഞ്ഞത്.

അടിയന്തരാവസ്ഥയുടെ നാളില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ഐടി വിദ്യാര്‍ത്ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചര വാര്യരുടെ അവസ്ഥ സൂചിപ്പിച്ചാണ് ശാരദക്കുട്ടി കെ കെ രമയെ വിമര്‍ശിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ മകനെ പിന്തുണയ്ക്കുന്നത് ധാര്‍മ്മികതയല്ലെന്നായിരുന്നു വിമര്‍ശനം. ശാരദക്കുട്ടിയുടേത് സെലക്ടീവ് വിമര്‍ശനമാകുന്നില്ലേയെന്നാണ് രമ ചോദിച്ചത്.

സെലക്ടീവ്‌നസ് ശരിയല്ലെന്നതാണ് വളരെ ബഹുമാനത്തോട് കൂടി ടീച്ചറോട് പറയാനുള്ളത്. തങ്ങളുടെ കുടുംബങ്ങളിലെ ആളുകള്‍ നഷ്ടപ്പെടുമ്പോള്‍ നിരവധി സ്ത്രീകള്‍ അതിന്റെ വേദനയില്‍ കഴിയുകയാണ്. മകനെ നഷ്ടപ്പെടുമ്പോഴും അച്ഛനെ നഷ്ടപ്പെടുമ്പോഴും ഭര്‍ത്താവിനെ നഷ്ടമാകുമ്പോഴും ഓരോ സ്ത്രീകളും അനുഭവിക്കുന്ന വേദനയോട് യാതൊരു വിധ പ്രതികരണവും ഇതുപോലുള്ള സാഹിത്യകാരന്മാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല- രമ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍