UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിംകോടതി വിധി മനുഷ്യത്വരഹിതം; മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎമ്മുണ്ടാകുമെന്നും കോടിയേരി

നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രിംകോടതി വിധി മനുഷ്യത്വരഹിതമാണെന്നും കോടിയേരി പ്രതികരിച്ചു. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി അറിയിച്ചു.

ഫ്‌ളാറ്റ് നിര്‍മ്മിച്ചവരാണ് നിയമലംഘകരെന്ന് പറഞ്ഞ ഉടമകള്‍ക്ക് സ്വാഭാവിക നീതി ലഭിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് കോടിയേരി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു.

മരടിലെ ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെത്തി ഫ്‌ളാറ്റുടമകളുടെ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടേതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകല്‍ ഭീഷണി നേരിടുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ കയ്യേറ്റത്തില്‍ യാതൊരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നും മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈമാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് അഞ്ച് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാകാതെ ഫ്‌ളാറ്റുകളില്‍ നിന്നൊഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും ഉടമകള്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഇവര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തിവച്ച തെറ്റിന് താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണമെന്നും ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ നല്‍കാന്‍ മരടിലെത്തിയപ്പോള്‍ ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ ലഭിക്കുന്നത്. ഫ്‌ളാറ്റുടമകളുടെ സമരത്തില്‍ സംസ്ഥാന പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയാണ് ആദ്യമെത്തിയത്. പിന്നീട് കോടിയേരി ബാലകൃഷ്ണനും ഫ്‌ളാറ്റിലെത്തി. വൈകിട്ടോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും സ്ഥലത്തെത്തും. കേസില്‍ ജനങ്ങള്‍ക്ക് നീതികിട്ടണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതിനായി മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും പിള്ള ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍