UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരട്ടക്കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ടി പി വധക്കേസില്‍ കുഞ്ഞനന്തന്‍ പാവം: കോടിയേരി

പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിയ്ക്ക് മുതിരരുത്

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം എന്നും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് കാസര്‍ഗോഡുണ്ടായതെന്നും കോടിയേരി പറഞ്ഞു. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പാക്കിയതും.

സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിയ്ക്ക് മുതിരരുത്. ഇക്കാര്യം എല്ലാ പാര്‍ട്ടിഘടകങ്ങളും ഉറപ്പുവരുത്തണം. സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളും സിപിഎം എല്ലാ വിധത്തിലും പിന്തുണയ്ക്കും. ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

അതേസമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ ന്യായീകരിക്കുന്ന നിലപാടാണ് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി സ്വീകരിച്ചത്. കുഞ്ഞനന്തനെ കേസില്‍ തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നെന്നാണ് കോടിയേരി പറഞ്ഞത്. കുഞ്ഞനന്തനെതിരെ കേസെടുത്തതും പ്രതിചേര്‍ത്തതും യുഡിഎഫ് സര്‍ക്കാരാണെന്ന് ഓര്‍ക്കണം. കേസിലെ മറ്റൊരു പ്രതിയായ കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും കോടിയേരി പറഞ്ഞു. പേരിനൊപ്പം കൊടിയുള്ളതുകൊണ്ട് അയാള്‍ സിപിഎം അംഗമാണെന്ന് ആരൊക്കെയോ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍