സംഭാവനയായി കിട്ടിയ തുക ദുരുപയോഗം ചെയ്തതിന് അമേരിക്കയില്‍ നിലവിലിരുന്ന കേസ് ഗോസ്പല്‍ ഫോര്‍ ഏഷ്യ(ജിഎഫ്എ) സ്ഥാപകന്‍ കെ പി യോഹന്നാന്‍ ഒത്തുതീര്‍പ്പാക്കി. ദാതാവിന് 261 കോടി രൂപ തിരികെ നല്‍കാമെന്ന ഉറപ്പിലാണ് കേസ് ഒത്തുതീര്‍പ്പാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഹന്നാനും കുടുംബാംഗങ്ങള്‍ക്കും സ്ഥാപനത്തിനുമെതിരായി നിലനില്‍ക്കുന്ന കേസ് അവസാനിച്ചു. അവിഹിത സ്വത്ത് സമ്പാദനം, തട്ടിപ്പ്, സാമ്പത്തിക ക്രമക്കേട് എന്നിവയാണ് യോഹന്നാനെതിരെ നിലനിന്നിരുന്ന കേസുകള്‍. പടിഞ്ഞാറന്‍ അമേരിക്കയിലെ ഫയതേവില്ലെ ഡിവിഷനിലെ അര്‍ക്കന്‍സാസ് ജില്ലയില്ലാ കോടതിയിലാണ് കേസ് നിലനിന്നിരുന്നത്. ഗോസ്പല്‍ ഓഫ് ഏഷ്യ, ഗോസ്പല്‍ ഓഫ് ഏഷ്യ ഇന്റര്‍നാഷണല്‍, കെ പി യോഹന്നാന്‍, ഭാര്യ ജിസീല പുന്നൂസ്, മകന്‍ ഡാനിയല്‍ പുന്നൂസ്, ഡേവിഡ് കരോള്‍, പാറ്റ് എമിറിക് എന്നിവരാണ് കേസിലെ പ്രതികള്‍. മര്‍ഫി എന്ന സ്ഥാപനമാണ് യോഹന്നാനെതിരെ പരാതി കൊടുത്തത്.
ജിഎഫ്എയ്ക്ക് ലഭിക്കുന്ന സംഭാവനകളില്‍ 13 ശതമാനം മാത്രമാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്ത്യന്‍ മാസികയില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിരുന്നു. ഒരുകാലത്ത് ഏറ്റവുമധികം വിദേശ ഫണ്ട് ലഭിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സംഘടനയായിരുന്നു യോഹന്നാന്റേത്. 2016ലെ സാമ്പത്തിക വര്‍ഷത്തില്‍ യോഹന്നാന്റെ സ്ഥാപനങ്ങളായ ബിലീവേഴ്‌സ് ചര്‍ച്ച്, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ലൗ ഇന്ത്യ മിനിസ്ട്രീസ്, ലാസ്റ്റ് അവര്‍ മിനിസ്ട്രി എന്നിവ 1889 കോടി സ്വീകരിച്ചുവെന്നാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യോഹന്നാന്റെ സ്ഥാപനങ്ങളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് രജിസ്‌ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം 2017ല്‍ റദ്ദാക്കിയിരുന്നു.