UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രചരിപ്പിച്ച സമ്പത്തിന്റെ കാറിന്റെ വ്യാജഫോട്ടോയ്‌ക്കെതിരെ ശബരിനാഥന്‍ എംഎല്‍എ

താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ പേജില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് യുവ കോണ്‍ഗ്രസ് എംഎല്‍എമാരായ വി ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ചിത്രത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ കെ എസ്. മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തിന്റേത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ച കാറിന്റെ ചിത്രത്തിനെതിരെയാണ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കാറില്‍ എക്‌സ് എംപിയെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്തിന്റെ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പേജിലൂടെയാണ് ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ളവര്‍ ഇത് ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’ എന്നാണ് ഈ പോസ്റ്റ് വച്ച് വിടി ബലറാം പോസ്റ്റ് ചെയ്തത്. പല യുഡിഎഫ്, ബിജെപി അനുഭാവികളും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറയുന്നു. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. അതോടെ ഫിറോസിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പൊങ്കാലയാണ് നടന്നത്. ഇതേത്തുടര്‍ന്ന് ഫിറോസും ബല്‍റാമും പോസ്റ്റ് മുക്കുകയും ചെയ്തു.

അതേസമയം റെസ്‌പോണ്‍സിബിള്‍ ഡ്രൈവിംഗ് എന്നത് പോലെ റെസ്‌പോണ്‍സിബിള്‍ സോഷ്യല്‍ മീഡിയ എന്ന കാമ്പെയ്‌നിംഗ് തുടങ്ങുന്നത് നന്നായിരിക്കുമെന്നാണ് ശബരീനാഥന്‍ പറയുന്നത്. താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്. നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല എന്നും ശബരീനാഥന്‍ പറയുന്നു. ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിന്‍ തുടങ്ങുന്നത് നല്ലതായിരിക്കും”.

READ MORE:എക്‌സ് എംപി ബോര്‍ഡ്; വ്യാജമെന്ന് എ സമ്പത്ത്, പ്രചരിപ്പിച്ചത് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍