UPDATES

ട്രെന്‍ഡിങ്ങ്

യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്ജന്‍ഡറുടെ പത്രികയും സ്വീകരിച്ചില്ല; മത്സരിക്കാനാകുമെന്ന പ്രതീക്ഷയില്‍ നാദിറ

എസ്എഫ്‌ഐയുമായുള്ള അഡ്ജസ്റ്റ്‌മെന്റാണെന്നാണ് അഭിജിത്ത് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലെന്ന് തനിക്ക് തീര്‍ത്തും പറയാനാകും

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പിജി ഫസ്റ്റ് ഇയര്‍ റപ്പായി ട്രാന്‍സ്ജന്‍ഡന്‍ വിദ്യാര്‍ത്ഥി നാദിറയുടെ പത്രികയും സ്വീകരിക്കപ്പെട്ടില്ല. എഐഎസ്എഫ് പ്രതിനിധിയായാണ് നാദിറ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കെ എസ് യു, എഐഎസ്എഫ് പ്രതിനിധികളുടെ പത്രികകള്‍ തള്ളിയതില്‍ എസ്എഫ്‌ഐയുടെയും ചില അധ്യാപകരുടെയും ഒത്തുകളിയുണ്ടെന്ന ഗുരുതരമായ ആരോപണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് രംഗത്തെത്തിയിരുന്നു

നാദിറ ഒഴികെ ബാക്കിയുള്ള എല്ലാ എഐഎസ്എഫ് പ്രതിനിധികളുടെയും മുഴുവന്‍ കെ എസ് യു പ്രതിനിധികളുടെയും പത്രിക യൂണിവേഴ്‌സിറ്റി കോളേജ് റിട്ടേണിംഗ് ഓഫീസറായ ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകന്‍ അനാവശ്യമായി തള്ളിയെന്നാണ് ആരോപണം. ഏഴ് പോസ്റ്റുകളിലേക്കാണ് കെ എസ് യു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി എം ബോബന്‍(ചെയര്‍മാന്‍), ആര്യ എസ് നായര്‍(വൈസ് ചെയര്‍പേഴ്‌സണ്‍), അമല്‍ സി ചന്ദ്ര(ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, യുയുസി), ഐശ്വര്യ ജോസഫ്(ജനറല്‍ സെക്രട്ടറി), അമല്‍ ടി പി(ഫസ്റ്റ് ഇയര്‍ റപ്പ്), അല്‍സാഫ്(മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് കെ എസ് യുവിന് വേണ്ടി പത്രിക സമര്‍പ്പിച്ചത്. ഈ പത്രികകളെല്ലാം സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളായി ആരാധന(വൈസ് ചെയര്‍പേഴ്‌സണ്‍), റനിന്‍(യുയുസി), നാദിറ(ഫസ്റ്റ് ഇയര്‍ പിജി റെപ്പ്) എന്നിവരുടെ പത്രികകളാണ് എഐഎസ്എഫ് സമര്‍പ്പിച്ചത്. ഇതില്‍ നാദിറയുടേത് ഒഴികെയുള്ള രണ്ട് പത്രികകളും തള്ളി.

നാമനിര്‍ദ്ദേശ പത്രികകളില്‍ ‘ദി ചെയര്‍മാന്‍’, ‘ദി വൈസ് ചെയര്‍പേഴ്‌സണ്‍’ എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സൂചിപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്നാണ് അഭിജിത്ത് അഴിമുഖത്തോട് പ്രതികരിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരമാണെന്നും ഈ ശുപാര്‍ശകളില്‍ ഒരിടത്തും ‘ദി’ എന്നൊന്നിനെ കുറിച്ച് പറയുന്നില്ലെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടുന്നു. ലിങ്‌ദോ കമ്മിറ്റി പ്രകാരം പറയാത്ത ഒരു നിര്‍ദ്ദേശത്തെ ചലഞ്ച് ചെയ്യുന്നത് എസ്എഫ്‌ഐയുടെ താല്‍പര്യത്തിന് വേണ്ടിയാണെന്നാണ് അഭിജിത്തിന്റെ ആരോപണം. ‘പത്രിക സ്വീകരിക്കുമ്പോള്‍ അത് പരിശോധിക്കുകയും കുഴപ്പമില്ലെന്ന് വ്യക്തമാക്കി സ്വീകരിക്കുകയും ചെയ്തതാണ്. ഇതിനെല്ലാം ശേഷം എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചില അധ്യാപകര്‍ ഒത്തുകളിച്ച് നോമിനേഷന്‍ തള്ളിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പൊതു സമൂഹത്തെയും വിദ്യാര്‍ത്ഥി സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ളവയുമായി മുന്നോട്ട് പോവും. എഐഎസ്എഫിന്റെ പ്രത്രികയും തള്ളിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പിജി ഫസ്റ്റ് ഇയര്‍ റപ്പായി എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥിയും ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ത്ഥിയുമായ നാദിറയുടെ പത്രിക സ്വീകരിച്ചതും ഈ അഡ്ജസ്റ്റ്‌മെന്റ് ആയിരിക്കാം’ എന്നാണ് അഭിജിത്ത് അഴിമുഖത്തോട് പറഞ്ഞത്.

അതേസമയം തന്റെ നാമനിര്‍ദ്ദേശ പത്രിക ഇതുവരെയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നാണ് നാദിറ അഴിമുഖത്തോട് പ്രതികരിച്ചത്. എന്നാല്‍ താന്‍ മത്സരിക്കുമെന്ന് ഉറപ്പാണെന്നും നാദിറ പറയുന്നു. തന്റെ ഐഡന്റിറ്റി കാര്‍ഡില്‍ സീല്‍ ഇല്ലെന്ന കാരണത്താലാണ് പത്രിക സ്വീകരിക്കാതിരുന്നത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പിഴവായതിനാല്‍ തന്നെ അപ്പീലില്‍ അത് പരിഗണിക്കുമെന്നാണ് കരുതുന്നത്. എസ്എഫ്‌ഐയുടെ യുയുസി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നിരവധി പേരുടെ പത്രികകള്‍ ഇതേ കാരണത്താല്‍ സ്വീകരിച്ചിട്ടില്ല. അഭിജിത്ത് പറയുന്നത് പോലെയാണെങ്കില്‍ എസ്എഫ്‌ഐ തങ്ങളുടെ ഒരു യുയുസി സീറ്റ് നഷ്ടപ്പെടുത്താന്‍ ശ്രമിക്കുമോയെന്നും നാദിറ ചോദിക്കുന്നു. ചിലപ്പോള്‍ അതായിരിക്കും അഭിജിത്ത് ഉദ്ദേശിക്കുന്ന അഡ്ജസ്റ്റ്‌മെന്റ്. അപ്പീലില്‍ ഈ പത്രികകളെല്ലാം സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അതിനാല്‍ തന്നെ പത്രിക തള്ളിയെന്ന് പറയാനാകില്ലെന്നും നാദിറ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, തന്റെ പത്രിക തള്ളിയെങ്കില്‍ എന്തിനാണ് തനിക്കെതിരായി മത്സരിക്കുന്ന എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കാമ്പെയ്‌നിംഗ് നടത്തുന്നതെന്നും അവര്‍ ചോദിക്കുന്നു. നിലവില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കപ്പെടാതെ പോയ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പ്രചരണത്തിനുള്ള സമയം കിട്ടാതിരിക്കുകയാണ് അധികൃതരുടെ ഈ കളിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് നാദിറ കരുതുന്നത്. അതൊരുപക്ഷെ എസ്എഫ്‌ഐയെ സഹായിക്കാന്‍ വേണ്ടിയാകാമെന്നും നാദിറ സംശയിക്കുന്നുണ്ട്. എന്നാല്‍ അഭിജിത്തിന്റെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും നാദിറ വ്യക്തമാക്കി.

also read:യൂണിവേഴ്‌സിറ്റി കോളേജ് വീണ്ടും വിവാദത്തിൽ; നാമനിർദേശ പത്രിക തള്ളാന്‍ അധ്യാപകരുടെ ഒത്തുകളിയെന്ന് ആരോപണം, എസ്എഫ്‌ഐക്കെതിരെ കെ.എസ്.യുവും എഐഎസ്എഫും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍