UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന് ബിജെപി നേതൃയോഗവും

ബിജെപിയെന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അടുക്കളവഴി വീട്ടില്‍ കയറി പെണ്ണിനെ കെട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്

ബിജെപിയ്ക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാന്‍ തൃശൂരില്‍ വിളിച്ചു ചേര്‍ത്ത നേതൃയോഗവും തീരുമാനമെടുക്കാതെ പിരിഞ്ഞു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് നല്‍കിയതെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. കുമ്മനത്തിന് ലഭിച്ചത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടിയിരുന്നു. കുമ്മനത്തെ ഗവര്‍ണറാക്കി നാടുകടത്തിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്നാണ് മുഖ്യമായും ആരോപണം ഉയര്‍ന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വോട്ട് കുറഞ്ഞതിനെക്കുറിച്ചും കുറ്റപ്പെടുത്തലുണ്ടായി. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെതിരെ രൂക്ഷമായ ആക്രമണമാണുണ്ടായത്. അതേസമയം പുതിയ അധ്യക്ഷനെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നില്ല. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവരാണ് കുമ്മനത്തിന് വേണ്ടി വാദിച്ചത്. കുമ്മനം അനുകൂലികളാണ് യോഗത്തില്‍ മുന്നില്‍ നിന്നത്. കുമ്മനത്തെ തിരിച്ചുവിളിക്കണമെന്നും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ നേരിടണമെന്നുമായിരുന്നു മുഖ്യ ആവശ്യം.

അതേസമയം വി മുരളീധരന്‍ എംപിയ്‌ക്കൊപ്പമുള്ളവര്‍ നിശബ്ദത പാലിക്കുകയായിരുന്നു. രാവിലെ കോര്‍കമ്മിറ്റിയും ഉച്ചയ്ക്ക് ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗവുമാണ് നടന്നത്. ഉപതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കുമ്മനത്തെ ഒഴിവാക്കിയത് അനൗചിത്യമായെന്ന് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. അപ്പോഴാണ് കാലാവധി കഴിയും മുമ്പ് കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കുകയായിരുന്നെന്ന് കോര്‍കമ്മിറ്റിയിലെ ഒരു മുതിര്‍ന്ന നേതാവ് വിമര്‍ശിച്ചത്. കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് അഴിമുഖമാണ്.

പണവും സ്വാധീനവും ഉപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അത് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ശേഷം സംസ്ഥാന വക്താവ് എം എസ് കുമാറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കുമാറും കുമ്മനത്തിന് വേണ്ടിയാണ് വാദിച്ചത്. നന്നായി കളിച്ചുകൊണ്ടിരുന്ന ടീമിന്റെ ക്യാപ്റ്റനെ 85-ാം മിനിറ്റില്‍ പിന്‍വലിക്കുന്നതിന് സമാനമായാണ് കുമ്മനത്തെ ഒഴിവാക്കിയത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കുമ്മനത്തെ നാടുകടത്തുകയായിരുന്നുവെന്നും കുമാര്‍ വിലയിരുത്തി. ബിജെപിയെന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അടുക്കളവഴി വീട്ടില്‍ കയറി പെണ്ണിനെ കെട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും കുമാര്‍ വ്യക്തമാക്കി.

ദുരൂഹമായ നീക്കത്തിലൂടെ കുമ്മനത്തെ ഒഴിവാക്കി പുതിയ അധ്യക്ഷനെ അവരോധിക്കാനാണ് ശ്രമിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സജീവനും കുറ്റപ്പെടുത്തി. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ സന്തോഷ് മൂന്നരയോടെ ഡല്‍ഹിയിലേക്ക് മടങ്ങി. ദേശീയ സെക്രട്ടറി എച്ച് രാജയാണ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞത്.

യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും പുതിയ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും രാജ ഉറപ്പുനല്‍കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍