UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനം തിരിച്ചുവരുന്നു: തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന

രാഷ്ട്രീയത്തിന് അതീതമായ പൊതുസ്വീകാര്യതയാണ് കുമ്മനത്തിന്റെ പ്ലസ് പോയിന്റായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്

മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ തിരികെ വരുന്നതായി വാര്‍ത്ത. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കമെന്നും അറിയുന്നു. മനോരമ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന വക്താവ് എം എസ് കുമാര്‍ ആണ് വെളിപ്പെടുത്തിയത്. ശബരിമല യുവതീ പ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്.

രാഷ്ട്രീയത്തിന് അതീതമായ പൊതുസ്വീകാര്യതയാണ് കുമ്മനത്തിന്റെ പ്ലസ് പോയിന്റായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ മുളീധരനോട് കുമ്മനം തോറ്റിരുന്നു. എന്നാല്‍ ടി എന്‍ സീമയെ പോലെ തലയെടുപ്പുള്ള ഒരു ഇടതുപക്ഷ നേതാവിനെ മൂന്നാം സ്ഥാനത്താക്കാന്‍ സാധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൂടാതെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തി. നേമത്ത് വിജയിക്കുകയും ചെയ്തു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ശശി തരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടാണ് തരൂരിന് ഗുണം ചെയ്തത്. എന്നാല്‍ ഈ മണ്ഡലങ്ങളിലും സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപി കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് കുമ്മനത്തെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നത്.

ഗവര്‍ണര്‍മാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. കേരളത്തിലും അത് സംഭവിച്ചിട്ടുണ്ട്. 2014ല്‍ കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഔറംഗബാദില്‍ മത്സരിച്ചിരുന്നു. കുമ്മനം രാജശേഖരനും ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ശശി തരൂരിന്റെ മൂന്നാം വിജയ പ്രതീക്ഷ പരുങ്ങലിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍