യുവതിയെ രക്ഷിക്കാനോ ആശുപത്രിയിലെത്തിക്കാനോ ആള്‍ക്കൂട്ടം തയ്യാറായില്ല
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് തീവച്ചുകൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതു(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
ജീതുവിന്റെ ഭര്‍ത്താവ് മോനടി സ്വദേശി വിരാജ് ഒളിവിലാണ്. കുടുംബശ്രീ യോഗത്തിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കുടുംബശ്രീ യോഗത്തിലേക്ക് വിളിച്ചുവരുത്തിയ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പഞ്ചായത്തംഗം ഉള്‍പ്പെടെ ദാരുണ സംഭവത്തിന് സാക്ഷികളായതായി മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വായ്പാ കുടിശിക വരുത്തിയത് സംബന്ധിച്ച തര്‍ക്കം തീര്‍ക്കാനായിരുന്നു യുവതിയെ കുടുംബശ്രീ അയല്‍ക്കൂട്ടം യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജീതുവും വിരാജും തമ്മിലുള്ള വിവാഹ മോചനത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും നോക്കിനില്‍ക്കെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റവും ബഹളവും തടയാനും ആരും ശ്രമിച്ചില്ല. ഇതിനിടെ യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ജീതുവിനെ അവരുടെ അച്ഛനെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. യുവതിയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.