UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ പേരാവൂരില്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് യു ഡി എഫ് പിടിച്ചെടുത്തു

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡും എല്‍ഡിഎഫിന് നഷ്ടമായി

കണ്ണൂരിലെ പേരാവൂര്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ പൂക്കോത്ത് സിറാജ് 382 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിറാജ് തന്നെയാണ് ഇവിടെ ജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡും എല്‍ഡിഎഫിന് നഷ്ടമായി. ബിജെപി സ്ഥാനാര്‍ത്ഥിയായ ആര്‍എസ് അജിതയാണ് എല്‍ഡിഎഫിന്റെ കൈവശമിരുന്ന മണ്ഡലത്തില്‍ വിജയിച്ചത്.

പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഫിന്റെ ഒരു സിറ്റിംഗ് സീറ്റ് നഷ്ടമായപ്പോള്‍ രണ്ട് യുഡിഎഫ് സീറ്റുകള്‍ അവര്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം തട്ടകമായി കണ്ണൂരില സിറ്റിംഗ് സീറ്റ് നഷ്ടമായത് സിപിഎമ്മിന് തിരിച്ചടിയാണ്. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിന്റെ ടിജോ തോമസ് പിടിച്ചെടുത്തത്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ അളൂരിലും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ ബി യു രാധാമണിയാണ് ജയിച്ചത്.

കൊല്ലം നെടുമ്പന പഞ്ചായത്തിലെ പുലിയില വാര്‍ഡില്‍ സിപിഎമ്മിലെ റെനുമോന്റെ വിജയത്തോടെ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. ചെറുകോല്‍ പഞ്ചായത്തിലെ മഞ്ഞപ്രമല വാര്‍ഡില്‍ കോണ്‍ഗ്രസിലെ ആനി ബിജുവിലൂടെ യുഡിഎഫും സീറ്റ് നിലനിര്‍ത്തി.

എറണാകുളം ജില്ലയിലെ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അബ്ദുള്‍ റഷീദ് ആണ് ജയിച്ചത്. രാമമംഗലം നെട്ടുപാടം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പിആര്‍ ശ്രീനിവാസന്‍ 147 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

തൃശൂര്‍ മണലൂര്‍ ചേഴൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ ദീപ വസന്തന്‍ 288 വോട്ടുകള്‍ക്കാണ് ജയിച്ചത്. പാലക്കാട് കുലുക്കല്ലൂര്‍ ജില്ലയില്‍ യുഡിഎഫ് വിമതന്‍ വിജയിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍ എഴുപുന്ന പതിനാറാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. തകഴി പഞ്ചായത്തിലെ തെക്കുംമുറി നോര്‍ത്തും എല്‍ഡിഎഫ് നിലനിര്‍ത്തി.

പാല മുത്തോലി പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ് ലീഗ് നിലനിര്‍ത്തി. ബുധനാഴ്ചയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് നഗരസഭയിലും വയനാട്, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലുമായി ഉപതെരഞ്ഞെടുപ്പ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍