UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീരുമാനം മാറ്റുന്നു: കേരള യാത്രയ്‌ക്കൊരുങ്ങി ഇടതുപക്ഷവും

പുന്നപ്ര-വയലാര്‍ വരാചരണം ഇതിനിടെയിലാണെന്നത് മാത്രമാണ് ജാഥയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സന്ദേഹം

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ വേണ്ടെന്ന് വച്ചിരുന്ന കേരള യാത്രയ്‌ക്കൊരുങ്ങി ഇടതുമുന്നണിയും. ബിജെപി ആരംഭിക്കുകയും യുഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അക്കാര്യത്തില്‍ പിന്നോട്ട് നില്‍ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം-സിപിഐ സഖ്യം കഴിഞ്ഞദിവസം സ്വീകരിച്ചത്.

12ന് ചേരുന്ന ഇടതുമുന്നണി യോഗം ജാഥയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ വരാചരണം ഇതിനിടെയിലാണെന്നത് മാത്രമാണ് ജാഥയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന സന്ദേഹം. സിപിഐ-സിപിഎം സെക്രട്ടറിമാര്‍ വര്‍ഷങ്ങളായി ഇതില്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ഇക്കുറി 27നാണ് ഇവര്‍ പങ്കെടുക്കേണ്ടത്. 12ന് ജാഥ പ്രഖ്യാപിച്ചാല്‍ 20നെങ്കിലും തുടങ്ങണമെന്ന ചിന്തയാണ് നേതാക്കള്‍ക്കുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന രണ്ട് മേഖലാ ജാഷഥകളാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്.

പുന്നപ്ര-വയലാര്‍ ദിനത്തില്‍ ഇരു സെക്രട്ടറിമാരും പങ്കെടുക്കുന്ന കീഴ്‌വഴക്കം തുടര്‍ന്നാല്‍ മറ്റേതെങ്കിലും നേതാവിനെ ജാഥയുടെ നേതൃത്വം ഏല്‍പ്പിക്കും. അല്ലെങ്കില്‍ 27ന് ശേഷം ജാഥ മതിയെന്ന് തീരുമാനിക്കും. നേരത്തെ ബിജെപി സെപ്തംബറില്‍ ജനരക്ഷാ യാത്ര പ്രഖ്യാപിച്ചപ്പോഴാണ് എല്‍ഡിഎഫും ജാഥയ്ക്ക് തീരുമാനിച്ചത്. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് റദ്ദാക്കി. ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന 15ന് ഇരു പാര്‍ട്ടികളുടെയും ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ ജാഥകളെല്ലാം സമ്മേളനങ്ങള്‍ കഴിഞ്ഞ് മതിയെന്ന് ഇരുപാര്‍ട്ടികളും ധാരണയിലാകുകയും ചെയ്തു.

എന്നാല്‍ ദേശീയ നേതാക്കളെ വരെ പങ്കെടുപ്പിച്ച് ബിജെപി പോരിന് വിളിച്ചതോടെ മറുപടി ജാഥ ഉടന്‍ വേണമെന്ന് സിപിഐ ആവശ്യപ്പെടുകയായിരുന്നു. ഇടതു സര്‍ക്കാരിനെ തന്നെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമായാണ് ജനരക്ഷ യാത്രയെ ഇടതു നേതൃത്വം കണക്കാക്കുന്നത്. ഇതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വന്‍ പ്രചരണ പരിപാടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കൂടി പ്രഖ്യാപിച്ചതോടെ ജാഥ നടത്താമെന്ന് ഇടതുനേതൃത്വം തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍