UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് ജയം

ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും ഒരു നഗരസഭ വാര്‍ഡും ഉള്‍പ്പെടെ ഏഴ് ജില്ലയിലെ 12 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ മണ്ഡലമായ പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് വിജയം. ഉപതെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ യുഡിഎഫില്‍ നിന്നും രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് വാര്‍ഡും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡുമാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത്.

പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തില്‍ കാരിക്കാമറ്റം വാര്‍ഡില്‍ സിപിഎമ്മിലെ കെ എസ് മധുകുമാര്‍ നേരിട്ടുള്ള മത്സരത്തില്‍ കോണ്‍ഗ്രസിന്റെ ഡെല്‍ജിത് സിംഗിനെ തോല്‍പ്പിക്കുകയായിരുന്നു. സിപിഎമ്മിലെ പികെ മണി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പള്ളിയില്‍ ഒരുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇത്.

വെണ്മണി വെസ്റ്റ് വാര്‍ഡില്‍ സിപിഎമ്മിലെ ശ്യാം കുമാര്‍ 1003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്തത്. ആകെ പോള്‍ ചെയ്ത 5967 വോട്ടില്‍ 2707 വോട്ട് ശ്യാം കുമാറിന് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സക്കറിയ പുത്തനേത്ത് 1704 വോട്ടില്‍ ഒതുങ്ങി. ബിജെപിയുടെ ശിവന്‍ പിള്ള 1556 വോട്ട് നേടി. കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസിലെ വെണ്മണി സുധാകരന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളിയിലെ മാനിടുംകുഴിയാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത മറ്റൊരു വാര്‍ഡ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുഞ്ഞുമോള്‍ ജോസ് 145 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ സുധാകുമാരിയെ അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കൃഷ്ണകുമാരി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വാര്‍ഡില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.

ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും ഒരു നഗരസഭ വാര്‍ഡും ഉള്‍പ്പെടെ ഏഴ് ജില്ലയിലെ 12 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എട്ടെണ്ണം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഇതില്‍ രണ്ടെണ്ണമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ആറിടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും വിജയിച്ചു. കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. ആദിച്ചനല്ലൂര്‍ തഴുത്തല തെക്ക് വാര്‍ഡില്‍ സിപിഎമ്മിലെ ഹിരിലാല്‍ (വാവ) വിജയിച്ചു. തേവക്കര കോയിവിള പടിഞ്ഞാറ് വാര്‍ഡില്‍ സിപിഐയിലെ പി ഓമനക്കുട്ടന്‍ വിജയിച്ചു. വയനാട് കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തെക്ക് കളരിക്കല്‍ വാര്‍ഡില്‍ യുഡിഎഫിലെ മിനി കുഞ്ഞപ്പന്‍ വിജയിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരസഭയില്‍ തൂമരക്കാവ് വാര്‍ഡില്‍ യുഡിഎഫ് രണ്ട് വോട്ടിന് വിജയിച്ചു. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡില്‍ മുസ്ലിംലീഗിലെ കെടി ഖദീജ വിജയിച്ചു. കോഴിക്കോട് തിക്കോടി പഞ്ചിയത്തിലെ പുറക്കാട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിട്ടോടി രാഘവന്‍ വിജയിച്ചു. കണ്ണൂരിലെ രാമന്തളി പഞ്ചായത്തില്‍ രമന്തളി സെന്‍ട്രല്‍ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍