UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയെ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന് പോലീസ്

ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും ലഭിച്ച പ്രഥമിക അഭിപ്രായം അനുസരിച്ചാണ് പോലീസിന്റെ വെളിപ്പെടുത്തല്‍

കോവളത്തിനടുത്ത് ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേനെ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന് പോലീസ്. ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും ലഭിച്ച പ്രഥമിക അഭിപ്രായം അനുസരിച്ചാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ലിഗ ആത്മഹത്യ ചെയ്തതാണെന്ന പോലീസിന്റെ നിഗമനം പൊളിഞ്ഞിരിക്കുകയാണ്.

നിരവവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരൂവെന്നും മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറിയിച്ചു. ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെയാണ് ലഭിക്കുക. മാര്‍ച്ച് 14നാണ് പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ലിഗയെ കാണാതായത്. ഈമാസം 20ന് ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തെളിയുകയും ചെയ്തു. ലിഗയെ കാണാതായ ദിവസമോ അടുത്ത ദിവസമോ മരണം സംഭവിച്ചതായാണ് ഇപ്പോഴത്തെ നിഗമനം.

ലിഗയുടേത് ആത്മഹത്യയാണെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും സഹോദരി ഇലീസ് സ്‌ക്രോമേനും ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദ്ദാനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. മയക്കുമരുന്ന് സംഘങ്ങളുടെയും പുരുഷ ലൈംഗിക തൊഴിലാളികളുടെയും ചീട്ടുകളി സംഘങ്ങളുടെയും സ്ഥിരം സങ്കേതമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്.

ലിഗയുടെ മരണത്തിന് പിന്നില്‍ ഒരാളാണോ അതോ ഒന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ മരണ കാരണം കണ്ടെത്താനാകൂവെന്നായിരുന്നു ഇതുവരെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ലിഗയെ കഴുത്തു ഞെരിച്ച് കൊന്നതാണെന്നതിന് ശാസ്ത്രീയമായി തന്നെ ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. ലിഗയുടെ കഴുത്തില്‍ മുറുക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കപ്പെടുന്ന കാട്ടുവള്ളികള്‍ കൊണ്ടുള്ള കുരുക്ക് നേരത്തെ കാട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍