UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൗ ജിഹാദിന്റെ പേരിലെ കൊലപാതകം: അവിഹിതം മറച്ചുവയ്ക്കാനെന്ന് കുറ്റപത്രം

ഹിന്ദു സഹോദരിയെന്ന് ശംഭുലാല്‍ വീഡിയോയില്‍ വിശേഷിപ്പിക്കുന്ന സ്ത്രീയെ ഒരു ബാങ്ക് മാനേജരുടെ അടുത്തെത്തിച്ച് അയാളെ സന്തോഷിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും കുറ്റപത്രം

‘ഹിന്ദു സഹോദരി’ എന്ന് അയാള്‍ വീഡിയോയില്‍ വിശേഷിപ്പിക്കുന്ന സ്ത്രീയുമായുള്ള അവിഹിത ബന്ധം മറച്ചുവെക്കുന്നതിനാണ് രാജസ്ഥാനിലെ രാജ്‌സമന്തില്‍ മുഹമ്മദ് അഷ്രഫുളിനെ ക്രൂരമായി കൊലപ്പെടുത്തി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ശംഭുലാല്‍ റെഗാര്‍ ഇസ്ലാം വിരുദ്ധതയെ ഉപാധിയാക്കിയതെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒരിക്കല്‍ പ്രസ്തുത സ്ത്രീയെ ഒരു ബാങ്ക് മാനേജരുടെ അടുത്തെത്തിക്കുകയും അയാളെ സന്തുഷ്ടനാക്കാന്‍ റെഗാര്‍ ആവശ്യപ്പെടുകയും ചെയ്തതായും കുറ്റപത്രം പറയുന്നു.

2010ല്‍ പ്രസ്തുത സ്ത്രീ ബല്ലു ഷേയ്ഖ് എന്ന വ്യക്തിയുമായി ഒളിച്ചോടിയിരുന്നതായും അയാളുമായി ഇപ്പോഴും ബന്ധം തുടരുന്നത് ശംഭുലാലിനെ പ്രകോപിപ്പിച്ചിരുന്നതായും കുറ്റപത്രം വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളില്‍ നിന്നും രാജസ്ഥാനിലെത്തിയ ഒരു തൊഴിലാളിയാണ് ബല്ലു ഷേയ്ഖും. മുഹമ്മദ് അഷ്രഫൂളിന്റെ സമാന പശ്ചാത്തലമായതാണ് കൊലപാതകത്തിന് പ്രേരണയായത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മറച്ചുവെക്കുന്നതിനാണ് ഇയാള്‍ ലൗ ജിഹാദ് എന്ന വാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. വീഡിയോയില്‍ ഇയാള്‍ ഉപയോഗിക്കുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്‌സമന്തിലെ ഒരു ക്ഷേത്രത്തിന് പിന്നിലുള്ള ഒരു കുന്നിന്‍പുറത്തുനിന്നാണ് ഡയറി കണ്ടെടുത്തത്.

‘പ്രസ്തുത സ്ത്രീക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ അവരെ ഒരു ബാങ്ക് മാനേജരുടെ വീട്ടിലെത്തിച്ചു. അവിടെ ഒരു പാര്‍ട്ടി നടക്കുകയായിരുന്നു. ബാങ്ക് മാനേജരെ സന്തോഷിപ്പിച്ചാല്‍ വായ്പ തരപ്പെടുമെന്ന് സ്ത്രീയെ റെഗാര്‍ അറിയിച്ചു,’ എന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ചില താക്കോലുകള്‍ കൈമാറാനുണ്ട് എന്ന വ്യാജേന സ്ത്രീ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് റെഗാറുമായി ഇവര്‍ ഇതുസംബന്ധിച്ച് വഴക്കുണ്ടാക്കിയിരുന്നു. പ്രസ്തുത സ്ത്രീയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ശംഭുലാല്‍ റെഗാറെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അവര്‍ സുഹൃത്തുകളായിരുന്നു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നതായും കുറ്റപത്രം അവകാശപ്പെടുന്നു. എന്നാല്‍, ഷെയ്ഖുമായി സ്ത്രീ ബന്ധം തുടരുന്നത് ശംഭുലാലിനെ പ്രകോപിപ്പിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സയേദ്പൂര്‍ ഗ്രാമത്തില്‍ ഇയാളുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട മുഹമ്മദ് അഷ്രഫുള്‍. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല നടത്തുന്നതിനായി വലിയ ഒരുക്കങ്ങളാണ് ശംഭുലാല്‍ റെഗാര്‍ നടത്തിയതെന്നും കുറ്റപത്രം വിശദീകരിക്കുന്നു. ഇതിനായി ഹിന്ദു, മുസ്ലീം വിഭാഗങ്ങളിലെ മൗലീകവാദികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇയാള്‍ ഒരു വര്‍ഷമായി കാണുന്നുണ്ടായിരുന്നു. ലൗ ജിഹാദ്, ഭരണഘടനയുടെ 370-ാം വകപ്പ്, ഇസ്ലാമിക ജിഹാദ്, കാശ്മീരിലെ തീവ്രവാദം, മുസ്ലീം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നു എന്ന് പറയപ്പെടുന്ന വര്‍ദ്ധന, രാമക്ഷേത്രം, പത്മാവദി, പികെ തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഹിന്ദുമതത്തിലെ ജാതി വിഭജനങ്ങള്‍, സംവരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദു തീവ്രവാദികള്‍ വിദ്വേഷ വീഡിയോകള്‍ ഇയാള്‍ സൂക്ഷ്മമായി വീക്ഷിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ്, സാമുദായിക, മത വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വീഡിയോകള്‍ നിര്‍മ്മിച്ച് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നതായും കുറ്റപത്രം വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍