ഹിന്ദു ധര്‍മ്മം അനുസരിച്ച് കേടുപാട് വന്ന പ്രതിമ നന്നാക്കുകയല്ല, മാറ്റി സ്ഥാപിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ്
ഉത്തര്‍പ്രദേശിലെ ജലോന്‍ ജില്ലയില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ജില്ലയിലെ ഒരൈ മേഖലയിലെ ഗാന്ധി ഇന്റര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ കോളേജ് പ്രിന്‍സിപ്പല്‍ രവികുമാര്‍ ആണ് വിവരം പുറംലോകത്തെ അറിയിച്ചത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതിമ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സതിഷ് കുമാര്‍ അറിയിച്ചു. കോളേജിന് മുകളില്‍ സ്ഥാപിക്കുകയും ഗ്രില്ലിട്ട് മറയ്ക്കുകയും ചെയ്ത പ്രതിമയാണ് തകര്‍ത്തത്.
പ്രദേശവാസികളും രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്ഥാപിച്ച പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഇതിന് പകരം പുതിയ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്യാം സുന്ദര്‍ രംഗത്തെത്തി. ഹിന്ദു ധര്‍മ്മം അനുസരിച്ച് കേടുപാട് വന്ന പ്രതിമ നന്നാക്കുകയല്ല, മാറ്റി സ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ പ്രതിമ സ്ഥാപിക്കും വരെ ധര്‍ണ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.