ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ മരണകാരണം കണ്ടെത്തല്‍, കുറ്റവാളിയെ കണ്ടെത്തല്‍ തുടങ്ങി ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടതെല്ലാം ഉമാദത്തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമ പുറത്തിറങ്ങും മുന്‍പ് ഉമാദത്തന് വിടപറഞ്ഞു.
ത്രില്ലര്‍ സിനിമകള്‍ക്ക് സമാനമായിരുന്നു ഡോ. ഉമാദത്തന്റെ ഔദ്യോഗിക ജീവിതം. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ മരണകാരണം കണ്ടെത്തല്‍, കുറ്റവാളിയെ കണ്ടെത്തല്‍ തുടങ്ങി ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടതെല്ലാം ഉമാദത്തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. പ്രഗല്ഭനായ ഈ ഫോറന്‍സിക് സര്‍ജന്റെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത് തന്നെയായിരുന്നു.
ഉമാദത്തനെ വായിച്ചും കേട്ടറിഞ്ഞും മൂന്ന് ചെറുപ്പക്കാര്‍ ഉമാദത്തന്റെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നു. ഫൊറന്‍സിക് സൈന്‍ എന്നാണ് ആ ചിത്രത്തിന് അവര്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ ആ സിനിമ പുറത്തിറങ്ങും മുന്‍പ് ഉമാദത്തന് വിടപറഞ്ഞു.
ഷമീര്‍ പട്ടരുമഠം, സുനില്‍ സിദ്ദിഖ്, സുധീര്‍ ആലപ്പുഴ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഫോറന്‍സിക് സര്‍ജന്റെ അനുഭവങ്ങളിലൂടെ കടന്നുപോവുന്ന സിനിമകളൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന കണ്ടെത്തലാണ് ഇവരെ ഉമാദത്തന്റെ ജീവിതം സിനിമയാക്കുക എന്ന തീരുമാനത്തിലേക്കെത്തിച്ചത്.
പൂര്‍ത്തിയാക്കിയശേഷം തിരക്കഥ ഇവര്‍ ഉമാദത്തനെ കാണിച്ചിരുന്നു. തിരക്കഥ ഉമാദത്തന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ വച്ച് ഈ സിനിമ ചെയ്യണമെന്നായിരുന്നു ഉമാദത്തന് ആഗ്രഹിച്ചിരുന്നത്. ആദ്യം രണ്ട് സംവിധായകര്‍ സിനിമ ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും തിരക്കുകള്‍ കരണം അവര്‍ പിന്മാറി. ഇപ്പോള്‍ പ്രഭ ജോസ് എന്ന നവാഗതനാണ് സിനിമ സംവിധാനം ചെയ്യാനായി മുന്നോട്ട്വന്നിരിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറിപ്പ് കേസുള്‍പ്പെടെ പല പ്രദമമായ കേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ സഹായിച്ച ഫോറന്‍സിക് സര്‍ജനാണ് ഉമാദത്തന്. ഫോറന്‍സിക് മെഡിസിന് പ്രൊഫസര്‍, കേരളാ പൊലീസിന്റെ മെഡിക്കല്‍ ലീഗല്‍ വിദഗ്ധന്‍, തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച ശേഷവും പല കേസുകളിലും പൊലീസിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഡോ ബി ഉമാദത്തന്റെ പുസ്തകം ശ്രദ്ധനേടിയിരുന്നു. നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി തന്റെ അനുഭവക്കുറിപ്പുകള്‍ അദ്ദേഹം പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്നത്.