UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണം: കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളി കസ്റ്റഡിയില്‍

ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിഎസ് അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോട്ടയത്തു നിന്നാണ് പിടികൂടിയത്

കോവളത്തിന് സമീപം ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റെ മരണം ബലാത്സംഗ ശ്രമത്തിനിടെയിലെന്ന സംശയം ബലപ്പെടുന്നു. സംഭവത്തില്‍ കോവളം സ്വദേശിയും പുരുഷ ലൈംഗിക തൊഴിലാളിയുമായ 40കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ നല്‍കിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത ലിഗ മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടുവെന്നുമാണ് കരുതുന്നത്. ബീച്ചില്‍ ഇയാളുമായി ലിഗ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതായി ചില യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിഎസ് അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോട്ടയത്തു നിന്നാണ് പിടികൂടിയത്. അതേസമയം ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിരുവല്ലം, കോവളം പോലീസ് സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റ് ഒമ്പത് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്.

മാര്‍ച്ച് 14ന് കോവളത്തെ ഗ്രോവ് ബീച്ചില്‍ വന്നിറങ്ങിയ ലിഗ കടപ്പുറത്ത് വച്ച് തന്നെ കണ്ടുവെന്നും സിഗരറ്റ് ചോദിച്ചപ്പോള്‍ കൊടുത്തുവെന്നുമാണ് ഇയാള്‍ പറയുന്നത്. അതും വലിച്ചുകൊണ്ട് നടന്നുപോയ അവരെ പിന്നീട് താന്‍ കണ്ടിട്ടില്ല. എങ്ങോട്ടാണ് പോയതെന്നും ശ്രദ്ധിച്ചില്ല എന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു. അതേസമയം പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുമ്പ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വച്ച് ഇയാള്‍ വിദേശികളെ ആക്രമിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്.

മഴയും വെയിലും ഏറ്റ് കിടന്നിരുന്നതിനാല്‍ ബലാത്സംഗ ശ്രമത്തിന്റെ തെളിവുകളൊന്നും ലിഗയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. വെയിലും നനവും ഏല്‍ക്കാത്ത അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ മാത്രമേ ഉമനീര്‍, ലൈംഗിക സ്രവം തുടങ്ങിയ തെളിവുകള്‍ കണ്ടെത്താനാകൂ. മൃതദേഹത്തിന്റെ അടിഭാഗം ചെളിയില്‍ മുങ്ങിയിരുന്നു. ലിഗയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് ലാബിലും ആന്തരികാവയവങ്ങള്‍ കെമിക്കല്‍ ലാബിലും പരിശോധിക്കുന്നുണ്ട്. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കാനുള്ള പരിശോധനകളും നടക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍