UPDATES

ന്യൂസ് അപ്ഡേറ്റ്സ്

58,000 സീറ്റുകളില്‍ 20,000ലും തൃണമൂല്‍: ബംഗാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ എതിരില്ലാ വിജയം

ത്രിണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് കോണ്‍ഗ്രസ്

മെയ് 14ന് പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒന്ന് സീറ്റുകളിലും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരില്ലാത്ത വിജയം. നാമനിര്‍ദ്ദേശ പത്രിക പിന്‍വന്‍വലിക്കാനുള്ള അവസാന തിയതി ശനിയാഴ്ച പൂര്‍ത്തിയായതോടെയാണ് ഇത്രയേറെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഈ സ്ഥാനാര്‍ത്ഥികളില്‍ പലരും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയോ അല്ലെങ്കില്‍ പേപ്പര്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ,പത്രിക തള്ളപ്പെടുകയോ ആയിരുന്നു. ആകെയുള്ള 58,692 സീറ്റുകളില്‍ 20,000 സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എതിരില്ലാത്ത വിജയമാണ് ഇത്.

അതേസമയം മുട്ട അടവയ്ക്കാതെ തന്നെ കോഴിക്കുഞ്ഞ് ജനിച്ചിരിക്കുകയാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. സാധാരണക്കാരുടെ വോട്ടവകാശം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിടുന്ന അക്രമണങ്ങളെ തുടര്‍ന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന കേന്ദ്രത്തിന് സമീപത്തേക്ക് പോലും തങ്ങളെ അടുപ്പിക്കുന്നില്ലെന്ന പരാതിയില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ക്ക് വാട്‌സ്ആപ്പ് മുഖേന പത്രിക സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയിരുന്നു. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് ആരംഭിച്ചതിനെ തുടര്‍ന്ന് ബിര്‍ഭൂമിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് മാരകായുധങ്ങളുമായി ബൈക്കില്‍ ഒരു സംഘം കടന്നാക്രമണം നടത്തിയിരുന്നു. അതേസമയം ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

അന്നത്തെ ദിവസം ലഭിച്ച പത്രികകളെല്ലാം സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നശിപ്പിക്കുകയും ചെയ്തു. രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് അധികമായി ഒരു ദിവസം കൂടി കോടതി അനുവദിച്ചെങ്കിലും അന്നും പരക്കെ ആക്രമണങ്ങളുണ്ടായി. ഈ ആക്രമണങ്ങളില്‍ ബിര്‍ഭൂമില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

അതുവരെയും തൃണമൂല്‍ കോണ്‍ഗ്രസ് 72,000 നാമനിര്‍ദ്ദേശ പത്രികകളും ബിജെപി 35,000 പത്രികകളും ഇടതുപക്ഷം 22,000 പത്രികകളും കോണ്‍ഗ്രസ് 10,000 പത്രികകളുമാണ് സമര്‍പ്പിച്ചത്. ബിര്‍ഭൂം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുകളില്‍ മത്സരം നടക്കാത്തത്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് 10,000 നാമനിര്‍ദ്ദേശ പത്രികകളാണ് പിന്‍വലിച്ചത്. ആകെയുള്ള സീറ്റുകളേക്കാള്‍ ഏകദേശം 15,000 പത്രികകള്‍ അവര്‍ അധികമായി സമര്‍പ്പിച്ചിരുന്നു.

പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ ഭരിക്കുന്ന പാര്‍ട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ഇത് ആദ്യമായല്ല. 2013ലും തൃണമൂല്‍ കോണ്‍ഗ്രസ് 10 ശതമാനം സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍