UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം: പ്രതി പിടിയിലെന്ന് മാധ്യമങ്ങള്‍: ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം

കോടതിയില്‍ ഹാജരാക്കിയ ഇയാളെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി കര്‍ണാടക പോലീസിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. അതേസമയം പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകന് ഗൗരി വധവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കെടി നവീന്‍ കുമാര്‍ എന്ന 37കാരനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കമംഗലൂര്‍ ജില്ലയിലെ ഉപ്പര്‍പേട്ടെ പോലീസിന്റെ പിടിയിലായത്. മദ്ദൂര്‍ എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഇയാള്‍ ഇപ്പോള്‍ ചിക്കമംഗലൂരിലെ ബൈറൂറിലാണ് താമസം.

.32 റേഞ്ചിലുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന അഞ്ച് ബുള്ളറ്റുകള്‍ ഇയാളുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധ നിയമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ബൈറൂറില്‍ കൊണ്ടുപോയി ഇയാളെക്കൊണ്ട് തെളിവെടുപ്പിച്ച പോലീസ് പത്ത് ബുള്ളറ്റുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പതിവായി മാരകായുധങ്ങള്‍ സൂക്ഷിക്കാറുള്ളതായി പോലീസ് പറയുന്നു. അതേസമയം നിയമ വിരുദ്ധ ആയുധ കച്ചവടത്തിന് ഇതുവരെയും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഇയാള്‍ 2015ല്‍ ഹിന്ദു യുവ സേന എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചിരുന്നു.

അതേസമയം ഇയാളെ അറസ്റ്റ് ചെയ്തത് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിലുള്ള എംഎന്‍ അനുചേത് അറിയിച്ചു. കൂടാതെ പ്രതിയെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ഏതാനും അനധികൃത ആയുധ വ്യാപാരികളെ ചോദ്യം ചെയ്‌തെന്നും അക്കൂട്ടത്തില്‍ ഇയാളെയും ചോദ്യം ചെയ്‌തെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.

ഏതാനും നാള്‍ മുമ്പ് ഗൗരി ലങ്കേഷ് വധവുമായി ബന്ധമുള്ള ആയുധ വ്യാപാരിയും ഷാര്‍പ്പ് ഷൂട്ടറുമായി താഹിര്‍ അറസ്റ്റിലായതായും വാര്‍ത്തയുണ്ടായിരുന്നു. അതേസമയം ഇയാള്‍ക്ക് ഗൗരി ലങ്കേഷ് വധവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍